ന്യൂഡൽഹി : പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുന്നതോടെ പ്രതിപക്ഷത്ത് എണ്ണം ഇനിയും കുറയുമെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റ് സുരക്ഷാലംഘനത്തെ ചൊല്ലി സഭയിൽ കടുത്ത വാഗ്വാദങ്ങളാണ് ഉയരുന്നത്.
ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇരുസഭകളിലുമായി 79 അംഗങ്ങളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ഇതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
ബിജെപി പാർലമെന്‍ററി പാർട്ടിയെ അഭിസംബോധന ചെയ്‌ത മോദി, പാർലമെന്‍റ് സുരക്ഷാലംഘനത്തെ ന്യായീകരിക്കാനുള്ള 'ശ്രമങ്ങളിൽ' ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യത്തിലും അതിന്‍റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും പാർലമെന്‍റിൽ അരങ്ങേറിയ സംഭവത്തിൽ അപലപിക്കേണ്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡിസംബർ 13നാണ് ലോക്‌സഭ സന്ദർശക ഗാലറിയില്‍ നിന്ന് രണ്ട് പേർ താഴേക്ക് ചാടുകയും പരിഭ്രാന്തി സൃഷ്‌ടിക്കുകയും ചെയ്‌തത്. എന്നാല്‍ എംപിമാർ ചേർന്ന് രണ്ടുപേരെയും പിടികൂടി. ശൂന്യവേള നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
സുരക്ഷാവീഴ്‌ചയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു (Rahul Gandhi Criticized BJP on Security Breach). രാജ്യത്തെ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് സുരക്ഷാവീഴ്‌ച ഉണ്ടാകാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സർക്കാരിന്‍റെ നയങ്ങളാണ് രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിക്കാന്‍ കാരണമെന്ന് പറഞ്ഞ അദ്ദേഹം മോദി സർക്കാരിന്‍റെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ പാർലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയുടെ ഗൗരവം സർക്കാർ മനസിലാക്കുന്നുണ്ടെന്നും സംഭവം രാഷ്ട്രീയവത്‌കരിക്കരുതെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനായി ഇന്ത്യ ബ്ലോക്ക് പാർട്ടികൾ ചൊവ്വാഴ്‌ച യോഗം ചേർന്നിരുന്നു. തങ്ങളുടെ സർക്കാരിനെ പുറത്താക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും എന്നാൽ രാജ്യത്തിന്‍റെ ശോഭനമായ ഭാവി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. പാർലമെന്‍റ് സെഷന് ശേഷം അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാനും അദ്ദേഹം ബിജെപി എംപിമാർക്ക് ഉപദേശം നൽകി.