കൊൽക്കത്ത: മണിപ്പൂരിലും ഹരിയാനയിലും കലാപം നിലനിർത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപിച്ച് സിപിഎം. അദ്ദേഹത്തിന്‍റെ മൗനം അനുദിനം സ്ഥിതിഗതികൾ സങ്കീര്‍ണമാക്കാന്‍ ഇടയാക്കുന്നു. ഇത് വരും ദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഗുരുതരമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
മണിപ്പൂര്‍ - ഹരിയാന സംസ്ഥാനങ്ങളിലെ അശാന്തി, ഗ്യാൻവാപി മസ്‌ജിദ് സംഭവം, വിദ്വേഷ കുറ്റകൃത്യങ്ങൾ, ഡൽഹി ഭരണ നിയന്ത്രണ ബില്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം വിമര്‍ശനം. ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിലാണ് ന്യൂഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്. തുടർന്ന്, ഏഴാം തിയതി രാത്രിയാണ് കേന്ദ്ര കമ്മിറ്റി ഇത് സംബന്ധിച്ച പ്രസ്‌താവന പുറത്തിറക്കിയത്. മണിപ്പൂർ സംഭവത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് അപലപനീയമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
മോദിയുടേത് പാര്‍ലമെന്‍റില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമീപനം: 'ഇതുവരെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളെ അപലപിച്ച് ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ പരിഹാരം കാണാന്‍ കേന്ദ്ര സർക്കാർ ഫലപ്രദമായ ഒരു പങ്കും വഹിച്ചിട്ടില്ല. ഈ നിശബ്‌ദതയുടെ ഫലം കൂടിയാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കാന്‍ ഇടവരുത്തിയത്. മണിപ്പൂരിലെ സാഹചര്യം അരാജകത്വത്തിലേക്കാണ് നീങ്ങുന്നത്. ദിവസങ്ങൾ കഴിയുന്തോറും പാർലമെന്‍റില്‍ നിന്ന് വിട്ടുനിൽക്കുകയെന്ന തന്ത്രമാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. പാർലമെന്‍റ് സമ്മേളനത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും സ്‌തംഭിച്ചിരിക്കുകയാണ്.' - സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മണിപ്പൂര്‍ സംഭവം രാജ്യത്തെ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ വരും ദിവസങ്ങളിൽ സ്ഥിതി ഗുരുതരമായിരിക്കും. മണിപ്പൂരിൽ സമാധാനവും മുന്‍പുണ്ടായിരുന്ന സാഹചര്യവും പുനസ്ഥാപിക്കാൻ അടിയന്തരവും ഉചിതമായതുമായ നടപടികൾ സ്വീകരിക്കണം. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിയാന സംസ്ഥാന സർക്കാർ ക്രൂരമായ രീതിയിൽ ബുൾഡോസർ രാഷ്‌ട്രീയം നടപ്പാക്കുന്നുവെന്നും സിപിഎം വാര്‍ത്താകുറിപ്പിലൂടെ ചുണ്ടിക്കാട്ടി.
മണിപ്പൂര്‍: സമാധാനം വീണ്ടെടുക്കാന്‍ സുപ്രീംകോടതി: കലാപഭൂമിയായ മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാന്‍ സുപ്രീംകോടതി ഇന്നലെ കര്‍ശന നടപടികളെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി മണിപ്പൂരില്‍ സമാശ്വാസമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന മലയാളിയായ ജസ്‌റ്റിസ് ആശ മേനോന്‍ അടക്കം മൂന്ന് റിട്ടയേര്‍ഡ് വനിത ഹൈക്കോടതി ജഡ്‌ജിമാരടങ്ങിയതാണ് സമിതി.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍റേതാണ് തീരുമാനം. മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതി പ്രശ്‌നത്തില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത്. ജമ്മു കശ്‌മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസായിരുന്ന ഗീത മിത്തലിന്‍റെ നേതൃത്വത്തിലുള്ള സമിതിയില്‍ ജസ്‌റ്റിസ് ആശ മേനോന് പുറമേ മുന്‍ മുംബൈ ഹൈക്കോടതി ജഡ്‌ജി റിട്ടയേര്‍ഡ് ജസ്‌റ്റിസ് ശാലിനി പി ജോഷിയും അംഗമാണ്.