ന്യൂഡല്‍ഹി: കര്‍ഷകരുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് അമിത് ഷാ. മെഹ്‌റൗളിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം താങ്ങുവിലയില്‍ (എംഎസ്‌പി) കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. എംഎസ്‌പി സമ്പ്രദായം നിലനില്‍ക്കുമെന്നും മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎസ്‌പി സമ്പ്രദായം നീക്കം ചെയ്യാനോ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാനോ ആര്‍ക്കും കഴിയില്ലെന്നും കര്‍ഷക യൂണിയനുകളുമായി തുറന്ന ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 10 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കായി 95000 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 9 കോടി കര്‍ഷകര്‍ക്കായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി 18000 കോടി ഇന്ന് അനുവദിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കാര്‍ഷിക ബഡ്‌ജറ്റ് 21,900 കോടി ആയിരുന്നെങ്കില്‍ മോദി ഭരണകാലത്ത് ഇത് 1,34,399 കോടിയായി ഉയര്‍ന്നെന്ന് അമിത് ഷാ വ്യക്തമാക്കി. അടല്‍ ബിഹാരി വാജ്‌പേയിയുടെയും, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മവാര്‍ഷിക ദിനമായ ഇന്ന് രാജ്യത്തിന് ഏറെ പ്രധാന്യമുള്ള ദിനമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.