ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ഗവര്‍ണര്‍മാര്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സംഘടനകളെയും വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ രോഗനിര്‍മാര്‍ജനത്തില്‍ വളരെയേറെ മുന്നിലേക്ക് പോകാനാകും. എല്ലാ വിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളെയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തണം.
വിവിധങ്ങളായ സാമൂഹിക സ്ഥാപനങ്ങളും സര്‍ക്കാരുകളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഗവര്‍ണര്‍മാര്‍ മുന്‍കൈയെടുക്കണം. യൂണിവേഴ്സിറ്റി ക്യാമ്പസുകള്‍,കോളജ് ക്യാമ്പസുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ വിവിധങ്ങളായ സാമൂഹ്യ ഘടകങ്ങളെ യോജിപ്പിച്ചുള്ള കൊവിഡ് പ്രതിരോധത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് വഹിക്കാനാകുന്ന പങ്ക് വളരെ വലുതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുതിച്ചുയരുന്നതിനിടെ ഗവര്‍ണറുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, രോഗപരിശോധന തുടങ്ങിയവ കൂടുതല്‍ ഊര്‍ജിതമാക്കണം. ആര്‍ടിപിസിആര്‍ പരിശോധന നിലവിലെ 60ല്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്താനാകണം. വാക്സിന്‍ ലഭ്യത കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തും. എറ്റവും വേഗം 10 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണെന്നും മോദി യോഗത്തില്‍ പറഞ്ഞു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോടടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഗവര്‍ണര്‍മാരുടെ യോഗം വിളിച്ചത്.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗവര്‍ണര്‍മാരും ലെഫ്റ്റനന്‍റ് ഗവര്‍ണറുമാരും പങ്കെടുത്ത യോഗത്തെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.