ന്യൂഡൽഹി : പ്രഥമ ദേശീയ പരിശീലന കോൺക്ലേവ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിലെ ഇന്‍റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍റർ പ്രഗതി മൈതാനിയിൽ ഇന്ന് രാവിലെ 10.30നാണ് ഉദ്ഘാടന ചടങ്ങെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളമുള്ള സിവില്‍ സര്‍വീസുകാര്‍ക്കുള്ള പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് കപ്പാസിറ്റി ബില്‍ഡിങ് കമ്മിഷന്‍ ദേശീയ പരിശീലന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
'സിവിൽ സർവീസ് ശേഷി വർധിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഭരണ പ്രക്രിയയും നയ നിർവഹണവും മെച്ചപ്പെടുത്തുന്നതിന്‍റെ വക്താവാണ് പ്രധാനമന്ത്രി. ഈ കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ ദേശീയ സിവിൽ സർവീസ് കപ്പാസിറ്റി ബിൽഡിങ് (NPCSCB) - 'മിഷൻ കർമ്മയോഗി' തയ്യാറാക്കാൻ ആരംഭിച്ചു. ശരിയായ മനോഭാവവും നൈപുണ്യവും അറിവും ഉപയോഗിച്ച് ഭാവിയിലേക്കുള്ള ഒരു സിവിൽ സർവീസിന് രൂപം കൊടുക്കുന്നതിനായാണിത്. ഈ ദിശയിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണ് ഈ കോൺക്ലേവ്' -പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റീജിയണൽ-സോണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുൾപ്പെടെ പരിശീലന സ്ഥാപനങ്ങളിൽ നിന്നുള്ള 1500-ലധികം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക സർക്കാരുകൾ എന്നിവയിൽ നിന്നുള്ള സിവിൽ സർവീസുകാരും സ്വകാര്യ മേഖലയിൽ നിന്നുള്ള വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും.
ഈ വൈവിധ്യമാർന്ന ഒത്തുചേരൽ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ലഭ്യമായ അവസരങ്ങളും തിരിച്ചറിയുകയും ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനക്ഷമമായ പരിഹാരങ്ങളും സമഗ്രമായ തന്ത്രങ്ങളും സൃഷ്‌ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോൺക്ലേവിൽ എട്ട് പാനൽ ചർച്ചകൾ ഉണ്ടായിരിക്കും. ഓരോന്നും സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫാക്കൽറ്റി ഡെവലപ്‌മെന്‍റ്, ട്രെയിനിങ് ഇംപാക്‌ട് അസസ്‌മെന്‍റ്, കണ്ടന്‍റ് ഡിജിറ്റൈസേഷൻ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മോദിയുടെ യുഎസ് സന്ദർശനം ജൂൺ 22ന് : പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള അവസരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനമെന്ന് വൈറ്റ് ഹൗസ് പ്രസ്‌താവിച്ചു. പ്രതിരോധം, ഊർജം, ബഹിരാകാശം എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളിത്തം എന്നിവ വിലയിരുത്താൻ ഈ സന്ദർശനത്തിലൂടെ സാധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ബുധനാഴ്‌ച (ജൂൺ 7) വാർത്താക്കുറിപ്പിലൂടെയാണ് വിദേശകാര്യ മന്ത്രാലയം മോദിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ച് അറിയിച്ചത്. ജൂൺ 22ന് അമേരിക്ക സന്ദർശിക്കുന്ന വേളയിൽ ജനപ്രതിനിധി സഭയുടെയും സെനറ്റിന്‍റെയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്, പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ് യുഎസ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവന.
Also read : മോദിയുടെ യുഎസ് സന്ദർശനം ജൂൺ 22ന്; ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവസരമെന്ന് വൈറ്റ് ഹൗസ്