ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യമെമ്പാടും ഓക്‌സിജന്‍ വിതരണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ വിതരണം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വിതരണം കൂടുതല്‍ വേഗത്തില്‍ കാര്യക്ഷമമായി നടത്തണമെന്നും, ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇരുപത് സംസ്ഥാനങ്ങള്‍ക്കായി പ്രതിദിനം 6785 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാകേണ്ടിയിരുന്നിടത്ത് ഏപ്രില്‍ 21 മുതല്‍ 6822 മെട്രിക് ടണ്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതു- സ്വകാര്യ സ്റ്റീല്‍ പ്ലാന്‍റുകള്‍, വ്യവസായശാലകള്‍, ഓക്‌സിജന്‍ നിര്‍മാതാക്കള്‍ എന്നിവ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മെഡിക്കൽ ഓക്‌സിജന്‍ ശേഖരണം പ്രതിദിനം 3,300 മെട്രിക് ടൺ വർധിച്ചിട്ടുണ്ട്. നിലവില്‍ അനുവദിച്ചിരിക്കുന്ന പിഎസ്‌എ ഓക്‌സിജന്‍ പ്ലാന്‍റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സംസ്ഥാനങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വേഗത്തില്‍ എത്തിക്കുന്നതിനായി റെയില്‍വെ ചരക്കുനീക്കം ഉപയോഗപ്പെടുത്തുന്നതും ശൂന്യമായ ഓക്‌സിജന്‍ ടാങ്കറുകള്‍ എത്രയും പെട്ടെന്ന് വിതരണക്കാരിലേക്ക് എത്തിക്കുന്നതും സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഫാർമസ്യൂട്ടിക്കൽസ്, നിതി ആയോഗ് എന്നിവയിലെ ഉന്നതദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം മഹാരാഷ്‌ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടുകയാണ്. ഇതോടെ വിവിധയിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും താളംതെറ്റിയിരിക്കുകയാണ്.
കൂടുതല്‍ വായനയ്‌ക്ക് ; വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷം ; കൊവിഡ് രോഗികള്‍ കടുത്ത പ്രതിസന്ധിയില്‍
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ നേരത്തെയും പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു.
Read more; കൊവിഡ് സ്ഥിതി രൂക്ഷം; അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി