ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ കെഎസ്‌ആർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്‌ചയാണ് വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങി ബെംഗളൂരുവും പിന്നിട്ട് മൈസൂരു വരെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്‍റെ റൂട്ട്.
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ആണിത്. വ്യവസായ കേന്ദ്രമായ ചെന്നൈ, ടെക്, സ്റ്റാർട്ട്അപ്പ് ഹബ്ബായ ബെംഗളൂരു, ടൂറിസ്റ്റ് നഗരമായ മൈസൂരു എന്നിവ തമ്മിലുള്ള ബന്ധം വന്ദേഭാരത് വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളുള്ള ആഡംബര ട്രെയിനിൽ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം. ബുധനാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്.
രാവിലെ 5.50ന് ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 10.20ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലുമെത്തും. ഒരുമണിക്ക് മൈസൂരുവില്‍ നിന്നു മടക്കയാത്ര തുടങ്ങുന്ന ട്രെയിന്‍ രാത്രി ഏഴരയ്ക്ക് ചെന്നൈയില്‍ തിരിച്ചെത്തും. കാട്പ്പാടിയിലും, ബെംഗളുരുവിലും മാത്രമാണ് നിലവില്‍ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
പാതകളോടു ചേർന്നു സുരക്ഷ വേലി ഇല്ലാത്തതിനാൽ, മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിനുകൾക്ക് ശരാശരി 75-80 കിലോമീറ്റർ വേഗത മാത്രമേ ഈ റൂട്ടിലുള്ളൂ.