ന്യൂഡല്‍ഹി: യൂറോപ്യൻ യൂണിയന്‍ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഫോൺ സംഭാഷണം നടത്തി. ഇന്ത്യയിലും യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളിലും നിലവിലുള്ള കൊവിഡ് സ്ഥിതിഗതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. കൊവിഡ് രണ്ടാം തരംഗത്തെ ചെറുക്കാന്‍ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നൽകിയതിന് യൂറോപ്യൻ യൂണിയനും അംഗരാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
ജൂലൈയിലെ അവസാന ഉച്ചകോടിക്ക് ശേഷം ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മെച്ചപ്പെട്ടതായും ഇരുവുരും കൂട്ടിച്ചേര്‍ത്തു. മെയ് 8ന് നടക്കുന്ന വെര്‍ച്വുല്‍ മീറ്റിങ്ങിലൂടെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
നിലവിലെ കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വളരെ ഭീകരമായാണ് ബാധിച്ചത്. മെയ് ഒന്നാം തീയതി പ്രതിദിന കണക്ക് 4 ലക്ഷം കടന്നിരുന്നു. അമേരിക്ക, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.