ന്യൂഡൽഹി: ടോക്യോ പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ കരസ്ഥമാക്കിയ ഭവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭവിന ചരിത്രം രചിച്ചിരിക്കുകയാണെന്ന് പറഞ്ഞ നരേന്ദ്ര മോദി ഭവിനയുടെ ജീവിതയാത്ര യുവാക്കൾക്ക് കൂടുതൽ പ്രചോദനകരമാണെന്നും കൂടുതൽ യുവാക്കളെ കായികരംഗത്തേക്കെത്തിക്കാൻ ഭവിനയുടെ നേട്ടത്തിനാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വെള്ളി മെഡൽ നേടിയ താരത്തിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും അഭിനന്ദിച്ചു.
വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോട് 3-0 നാണ് ഭവിനക്ക് സ്വർണം നഷ്ടമായത്. പാരാലിമ്പിക് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് 34 കാരിയായ ഭവിന ഫൈനലിലെത്തിയത്.
Also Read: പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍