ന്യൂഡൽഹി: കര്‍ഷകസമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ എന്നിവര്‍ ചർച്ചയിൽ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് യോഗം. സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതുവരെയുളള ചർച്ചയുടെ പുരോഗതി മന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാർ ഇന്ന് അഞ്ചാം വട്ട ചർച്ച നടത്തും. ഉച്ചക്ക് 2 മണിക്കാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച ചർച്ച വിജ്ഞാൻ ഭവനിൽ നടക്കുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും.
വെള്ളിയാഴ്ച യോഗത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ സർക്കാർ ചർച്ചചെയ്യുമെന്നും അടുത്ത റൗണ്ട് ചർച്ചകൾ ശനിയാഴ്ച നടക്കുമ്പോൾ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുമെന്നും കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനം ആകുമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ കേന്ദ്ര സർക്കാരിനോട് വ്യക്തമാക്കിയതോടെ സമരം വരുംദിനങ്ങളിൽ കൂടുതൽ ശക്തമാവുമെന്ന് ഉറപ്പായി. സമരത്തിന് പിന്തുണയുമായി ഭാരത ബന്ദും പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാരും രാജ്യത്തെ കർഷകരും തമ്മിലുള്ള പോരാട്ടത്തിന്‍റെ വേദിയാവുകയാണ് ഡൽഹി.