ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖർ. പ്രസിഡന്‍റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബിപിൻ റാവത്തിന് അനുശോചനം രേഖപ്പെടുത്തി.
ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഞാൻ. രാജ്യത്തിന് തന്‍റെ ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ നിസ്വാർത്ഥ സേവനത്തിന്‍റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം. പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു.
ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർഥ രാജ്യസ്നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉൾക്കാഴ്‌ചകളും കാഴ്‌ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഓം ശാന്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും പെട്ടെന്നുള്ള വിയോഗത്തിൽ അഗാധമായ വേദന. അദ്ദേഹത്തിന്‍റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നഷ്ടപ്പെട്ടതിനാൽ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. അദ്ദേഹത്തിന്‍റെ വേർപാടിൽ ഞാൻ അഗാധമായി വേദനിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു.
ജനറൽ ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തോടും അനുശോചനം രേഖപ്പെടുത്തുന്നു. ഇത് അഭൂതപൂർവമായ ദുരന്തമാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ മനസ് അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
ALSO READ: Bipin Rawat Passes Away|സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു
ഊട്ടിക്ക് സമീപപ്രദേശമായ കുനൂരില്‍ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു (08 ഡിസംബര്‍ 2021) ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടത്. കനത്ത മഞ്ഞ് വീഴ്‌ചയാണ് അപകട കാരണം. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാര്‍, സുരക്ഷാഭടൻമാര്‍ എന്നിവര്‍ അടക്കം 13 പേർ മരിച്ചതായി സേന സ്ഥിരീകരിച്ചു.