ഹുമ്‌നാബാദ്: കോൺഗ്രസ് നേതാക്കള്‍ തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാരണംകൊണ്ട് കര്‍ണാടകയിലെ ജനങ്ങൾ ഇത്തരം പരാമര്‍ശത്തിനെതിരെ വോട്ടുകൊണ്ട് മറുപടി നൽകും. മെയ് 10ന് നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവരുടെ അഴിമതി പുറത്തുകൊണ്ടുവരുന്ന, സാധാരണക്കാരെയും അവരുടെ സ്വാർഥ രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നവരെയും കോൺഗ്രസ് വെറുക്കുന്നു. അത്തരക്കാരോടുള്ള കോൺഗ്രസിന്‍റെ വെറുപ്പ് സ്ഥിരമാണ്. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വീണ്ടും എന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു' - മോദി പറഞ്ഞു.
ALSO READ | 'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വബോധം നഷ്‌ടപ്പെട്ടു'; മോദി, രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ നേതാവെന്ന് അമിത് ഷാ
കർണാടകയിലെ പ്രബലരായ ലിംഗായത്ത് സമുദായത്തേയും കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ്, ബാബാസാഹേബ് അംബേദ്‌കറെ പോലും അധിക്ഷേപിച്ചിട്ടുണ്ട്. സവർക്കറെ അധിക്ഷേപിക്കുന്നത് തുടരുന്നു. കോണ്‍ഗ്രസിന്‍റെ ദുഷ്‌പ്രചാരണങ്ങള്‍ക്ക് ജനങ്ങൾ വോട്ടുകൊണ്ട് മറുപടി നൽകും. ബിജെപിക്ക് നേരെ ചെളിവാരിയെറിയുന്നത് താമര പൂക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 29ന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രചാരണത്തിനായി സംസ്ഥാനത്ത് ആദ്യമായാണ് മോദി എത്തിയത്.
'ആ ലിസ്റ്റ് ആരോ എനിക്ക് അയച്ചിട്ടുണ്ട്': ബിദാർ ജില്ലയിൽ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'ഇത്തരം അധിക്ഷേപങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ആരോ എനിക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 91 തവണ കോൺഗ്രസ് നേതാക്കള്‍ എന്നെ പലതരത്തിലായി അധിക്ഷേപിച്ചു. നല്ല ഭരണം നടത്തുകയും പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്‌തിരുന്നെങ്കില്‍ കോൺഗ്രസിന് ഇത്രയും ദയനീയമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല' - മോദി വ്യക്തമാക്കി.
'കോണ്‍ഗ്രസിന് പറയാന്‍ വിഷയങ്ങളില്ല': പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'വിഷപ്പാമ്പ്' പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാർട്ടിക്കും നേതാക്കൾക്കും സ്വബോധം നഷ്‌ടപ്പെട്ടു. മോദിയെ ലോകമെമ്പാടും വളരെ ആദരവോടെയാണ് കാണുന്നതെന്നും ഇത്തരം അധിക്ഷേപങ്ങള്‍ അദ്ദേഹത്തിനുള്ള ജനപ്രീതി വർധിപ്പിക്കാനേ ഇടയാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'ആളുകളെ വരുതിയിലാക്കാന്‍ കോൺഗ്രസിന് കഴിയില്ല. കാരണം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നിടത്തോളം അദ്ദേഹത്തിന് പിന്തുണ വർധിക്കുക മാത്രമേയുള്ളൂ. കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനം വർധിപ്പിച്ചു. ഇക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് സംസാരിക്കാന്‍ വിഷയങ്ങളില്ല'.
ALSO READ | 'കനക'കിരീടം ചൂടുന്നതാര്?; കനകപുരയില്‍ പ്രചാരണച്ചൂട് ശക്തം, ഇളകുമോ ഡി.കെയുടെ പൊന്നാപുരം കോട്ട?
'ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കി. ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കി. മോദിജി എവിടെ പോയാലും ലോകമെമ്പാടുമുള്ള ആളുകൾ മോദി - മോദി മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്'- ഷാ പറഞ്ഞു. ധാർവാഡ് ജില്ലയിലെ നവാൽഗുണ്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.