ന്യൂഡൽഹി: കൊവിഡിന് ശേഷമുള്ള ലോകസമ്പദ്‌വ്യവസ്ഥയുടെ പുനര്‍ നിര്‍മാണത്തിന് ഇന്ത്യയുടെ ആത്മനിര്‍ഭര്‍ പദ്ധതി കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 സമ്മേളനത്തിന് ശേഷമാണ് മോദി ട്വീറ്റ് ചെയ്‌തത്. സൗദി അറേബ്യ ആതിഥ്യം വഹിക്കുന്ന സമ്മേളനം കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വലായാണ് സംഘടിപ്പിച്ചത്. കൊവിഡില്‍ തകര്‍ന്ന ലോകത്തെ പഴയ സ്ഥിതിയിലേക്കെത്തിക്കാൻ എല്ലാ രാജ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ആത്മനിര്‍ഭര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌ത്രീകളുടെ മുന്നേറ്റത്തിന് പദ്ധതി പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. മാനവികതയും പ്രകൃതിയും തമ്മിലുള്ള ഐക്യം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതി. ഊര്‍ജത്തിന്‍റെ പുനരുപയോഗവും ജൈവവൈവിധ്യ സംരക്ഷണവും ആത്മനിര്‍ഭര്‍ പദ്ധതിയുടെ പ്രധാന അജണ്ടകളാണെന്നും മോദി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉച്ചക്കോടിയുടെ ലക്ഷ്യങ്ങൾ ഇന്ത്യ കൃത്യമായി നിറവേറ്റുമെന്നും അതിലും മികച്ച പദ്ധതികള്‍ തങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ജി20 സമ്മേളനത്തില്‍ മോദി വ്യക്തമാക്കിയിരുന്നു.