കൊച്ചി: കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ഗെയില്‍ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യുക. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജഭായ് വാല, കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഒരു രാജ്യം, ഒരു വാതക ഗ്രിഡ് (One Nation One Gas Grid) രൂപീകരണത്തിനുള്ള പ്രധാന ചുവടുവെപ്പാണ് പദ്ധതി.
പ്രധാന സ്‌റ്റേഷനായ കൂറ്റനാട് നിന്നാണ് മംഗളൂരുവിലേക്ക് 354 കിലോ മീറ്റർ പൈപ്പ് ലൈൻ ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കൂറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് പൈപ്പ് ലൈൻ വഴി വാതകം മംഗളൂരുവിലെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം വീടുകൾക്കും വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ൽ പൈപ്പ് ലൈൻ. കൊച്ചിയിൽ നിന്ന് മംഗളുരുവിലേക്ക് പ്രകൃതി വാതകമെത്തിച്ച് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചിരുന്നു.