ന്യൂഡൽഹി : പൊലീസ് സംഘത്തിന് നടുവില്‍ മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര വിദഗ്‌ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്‌പര്യ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീം കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. 2017 മുതൽ നടന്ന എൻകൗണ്ടറുകളെ കുറിച്ചും ഈ സമിതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2017 മുതൽ നടന്ന 183 എൻകൗണ്ടറുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വികാസ് ദുബെയെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളെയും എൻകൗണ്ടറിൽ കൊലപ്പെടുത്തിയ 2020ലെ കാൺപൂർ ബിക്രു എൻകൗണ്ടറിനെ കുറിച്ചും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വികാസ് ദുബെയുടെ കാൺപൂർ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് താൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അതിഖ് അഹമ്മദിന്‍റെ മകൻ അസദിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം ഉത്തർപ്രദേശ് പൊലീസ് ആവർത്തിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഉത്തർപ്രദേശ് പൊലീസ് സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമി സംഘം അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയത്. ഈ സംഭവം ജനാധിപത്യത്തിനും നിയമവാഴ്‌ചയ്‌ക്കും കടുത്ത ഭീഷണിയാണെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
നിയമവാഴ്‌ചയുടെ ലംഘനത്തിനും ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അതിക്രമത്തിനും എതിരെയാണ് തന്‍റെ പൊതുതാത്‌പര്യ ഹർജിയെന്ന് ഹർജിക്കാരൻ പറഞ്ഞു. പൊലീസുകാർ ശിക്ഷ നടപ്പാക്കുന്നതും ഇത്തരം വ്യാജ പൊലീസ് എൻകൗണ്ടറുകളും എല്ലാം ഒരു ജനാധിപത്യ സമൂഹത്തിൽ നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. അന്തിമ നീതി നടപ്പാക്കുന്നതിനോ ശിക്ഷ വിധക്കാനോ പൊലീസിനെ അനുവദിക്കാനാവില്ല. ശിക്ഷയുടെ അധികാരം ജുഡീഷ്യറിയിൽ മാത്രമേ നിക്ഷിപ്‌തമായിട്ടുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് പൊലീസ് 'ഡെയർ ഡെവിൾസ്' ആകാനാണ് ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. പൊലീസ് ഡെയർ ഡെവിൾസ് ആകുമ്പോൾ നിയമവാഴ്‌ച മുഴുവൻ തകരുകയും പൊലീസിനെതിരെ ജനങ്ങളുടെ മനസിൽ ഭയം ജനിക്കുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തിന് വളരെ അപകടകരമാണ്. കൂടുതൽ കുറ്റകൃത്യങ്ങളിൽ കലാശിക്കാൻ ഇത് ഇടയാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 15നാണ് അക്രമി സംഘം അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊലപ്പെടുത്തിയത്. കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല പൊലീസിനായിരുന്നു. എന്നാൽ അവർ അത് കൃത്യമായി ചെയ്‌തില്ല.
ആക്രമണത്തിന് ശേഷം അക്രമികളെ അറസ്റ്റ് ചെയ്‌തു. എന്നാൽ, ആക്രമണം ഉണ്ടായ സമയത്ത് വേണ്ടത്ര സുരക്ഷ ഒരുക്കാനോ പ്രതികരിക്കാനോ പൊലീസിന് കഴിഞ്ഞില്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിനും നിയമവാഴ്‌ചയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഇത് സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നും അഭിഭാഷകൻ വിശാൽ തിവാരി തന്‍റെ ഹർജിയിൽ വ്യക്തമാക്കി.