ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിര പോരാളികളാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. മാധ്യമപ്രവർത്തകർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നതിന് മാർഗനിർദ്ദേശങ്ങൾ നൽകാണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഗവേഷകനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോട്ട നീലിമയാണ് ഹർജി നൽകിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് ചികിത്സയും സൗജന്യ വാക്സിനേഷൻ സൗകര്യവും ഏർപ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി മാർഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന മാധ്യമപ്രവർത്തകർക്ക് സൗജന്യ വൈദ്യസഹായം അടിയന്തരമായി ആവശ്യമാണ്. 455ലധികം മാധ്യമപ്രവർത്തകരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഏപ്രില്‍ മെയ് മാസങ്ങളില്‍ പ്രതിദിനം നാല് മാധ്യമപ്രവർത്തകര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള മിക്ക പദ്ധതികളിലും അംഗീകാരമില്ലാത്ത പത്രപ്രവർത്തകർ, ഫ്രീലാൻസർമാർ, സ്‌ട്രിങ്ങര്‍മാർ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
കൊവിഡിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങളുടെ പ്രവർത്തനം അനിവാര്യമാണ്. കാര്യങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശം നടപ്പിലാക്കുന്നവരാണ് മാധ്യമപ്രവർത്തകർ. ഇത് അവരുടെ ജീവൻ രക്ഷിക്കുന്നതിന് സഹായകമാകുന്നു. അതുവഴി സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്‍റെ ഗവേഷണപ്രകാരം കൊവിഡ് ബാധിച്ച് മരിച്ച അംഗീകാരമില്ലാത്ത മാധ്യമപ്രവർത്തകരില്‍ ഭൂരിഭാഗവും ഇന്ത്യയിലെ മെട്രോ ഇതര പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കൊവിഡ് ബാധിക്കുന്ന മാധ്യമപ്രവർത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജ്യമായി ചികിത്സ ഉറപ്പാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
also read: മാധ്യമപ്രവർത്തകർക്ക് വാക്സിനേഷനില്‍ മുൻഗണന വേണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ്