ന്യൂഡല്‍ഹി: ബലി പെരുന്നാള്‍ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി നിവാസിയായ പി.കെ.ഡി നമ്പ്യാര്‍ എന്നയാളാണ് കേരള സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍റെ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിയ്ക്കും.
മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ മെച്ചപ്പെടുമ്പോഴും കേരളത്തില്‍ കൊവിഡ് സാഹചര്യം വഷളാവുകയാണ്. ഇത്തരം അടിയന്തര സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിയ്ക്കുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കന്‍വാര്‍ യാത്ര നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയ കേസെടുത്തത് ഹര്‍ജിയില്‍ പരമാര്‍ശിച്ചിട്ടുണ്ട്.
Read more: കൻവാർ തീര്‍ഥാടനം റദ്ദാക്കിയെന്ന് യു.പി സര്‍ക്കാര്‍
മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കന്‍വാര്‍ യാത്ര നടത്താനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനം പുന:പരിശോധിയ്ക്കണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി ജൂലൈ 16ന് പുറത്തിറക്കിയ കോടതിയുടെ ഉത്തരവിനെ ലംഘിയ്ക്കുന്നതാണ് കേരള സര്‍ക്കാരിന്‍റെ തീരുമാനമെന്ന് ചൂണ്ടികാട്ടിയ ഹര്‍ജിക്കാരന്‍ കേരള സര്‍ക്കാരിന്‍റേത് അലംഭാവമാണെന്നും കുറ്റപ്പെടുത്തി.
ജൂലൈ 18 മുതല്‍ 20 വരെ മൂന്ന് ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് ഇളവ് ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളിലെ പ്രവേശനത്തിനും വിശേഷ ദിവസങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.