ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയിൽ. വിചാരണ കോടതിയുടെ നടപടിക്കെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ 2023 ഫെബ്രുവരി ഏഴിലേക്ക് കേസ് മാറ്റി വച്ചു.
വിചാരണകോടതിയുടെ വിധിക്കെതിരെ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്‌തതെന്ന് തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും കൈമാറരുത് എന്ന തരൂരിന്‍റെ അഭിഭാഷകന്‍റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു.
സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി റോസ് അവന്യു കോടതി സ്‌പെഷൽ ജഡ്‌ജി ഗീതാഞ്ജലി ഗോയല്‍ തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് പൊലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തത്.
ശശി തരൂരിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണം. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തരൂരിന്‍റെ ഔദ്യോഗിക ബംഗ്ലാവ് പുതുക്കിപ്പണിയുന്ന സമയത്താണ് ദമ്പതികൾ ഹോട്ടലിൽ താമസിച്ചിരുന്നത്.