ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രകള്‍ നടത്തുമ്പോള്‍ കൃപാണം ഒപ്പം കരുതാന്‍ സിഖുകാരെ അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതു താത്‌പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിമാനങ്ങളില്‍ കൃപാണം അനുവദിക്കുന്ന വിഷയം പഠിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് വിഭോര്‍ സിംഗാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
2022 മാര്‍ച്ച് നാലിലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മൂര്‍ച്ചയുള്ള ഭാഗത്തിന്‍റെ നീളം ആറ് ഇഞ്ചില്‍ കവിയാത്തതും ആകെ നീളം ഒമ്പത് ഇഞ്ചില്‍ കവിയാത്തതുമായ കൃപാണം ആഭ്യന്തര വിമാനയാത്രകളില്‍ കൂടെ കരുതാന്‍ സിഖുകാര്‍ക്ക് അനുമതിയുണ്ടെന്ന് അഭിഭാഷകന്‍ കൂടിയായ പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉത്തരവാണെന്നും ഏകപക്ഷീയമല്ലെങ്കില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ബെഞ്ച് നേരത്തെ പരാമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഒരു മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള ഒരാളുടെ അവകാശത്തെ താൻ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ വിമാനയാത്രയില്‍ കൃപാണം കരുതുന്ന വിഷയത്തില്‍ ഒരു സമിതിയെ നിയമിച്ച് പഠനം നടത്തണമെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.
ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആറ് ഇഞ്ച് വരെ ബ്ലേഡ് നീളമുള്ള കൃപാണം കൊണ്ടുപോകാൻ സിഖുകാരെ അനുവദിക്കുന്ന ഉത്തരവ് സ്റ്റേ ചെയ്യുന്നതിനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ 2022 ഓഗസ്റ്റ് 18ന് കോടതി വിസമ്മതിച്ചിരുന്നു. നിലവിൽ അനുവദനീയമായ അളവുകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും വിമാനങ്ങളിൽ കൃപാണം അനുവദിക്കുന്നത് വ്യോമയാന സുരക്ഷയ്ക്ക് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മതം കാരണം കൃപാണത്തെ സുരക്ഷിതമായി കാണുകയും തേങ്ങകള്‍, ചെറിയ പേന കത്തികള്‍, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവ വിമാനങ്ങളില്‍ നിരോധിക്കുകയും ചെയ്യുന്നത് അത്‌ഭുതമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.