ഹൈദരാബാദ്: ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചെലവുകൾ ദിനംപ്രതി വർധിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഈ ചെലവുകൾ നേരിടാൻ നിക്ഷേപങ്ങളും വിദ്യാഭ്യാസ വായ്‌പകളും ഒരു പരിധി വരെ നമ്മെ സഹായിക്കും. കുടുംബത്തിലെ മുഖ്യവരുമാന ദാതാവിന് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ എല്ലാ പദ്ധതികളും താളം തെറ്റും.
കുടുംബത്തിൽ അപ്രതീക്ഷിതമായി വരുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാൻ ദീർഘദൃഷ്‌ടിയോട് കൂടിയുള്ള സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ ഏതൊരു കുടുംബത്തിനും സാധിക്കണം. കുട്ടികളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് പരിരക്ഷയോളം മികച്ച മാർഗം മറ്റൊന്നുമില്ല. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിയൽ എസ്‌റ്റേറ്റ്, സ്വർണം തുടങ്ങിയവയിൽ നിക്ഷേപം നടത്താനാവണം.
കുട്ടികളുടെ ആവശ്യങ്ങൾക്ക് പ്രത്യേകം പോളിസികൾ: മികച്ച ഒരു ലൈഫ് ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം പോളിസികൾ ഇന്ന് ലഭ്യമാണ്. അപ്രതീക്ഷിതമായ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ പണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് കമ്പനികൾ ഈ പോളിസികൾ വാഗ്‌ദാനം ചെയ്യുന്നത്. സാധാരണ ഇൻഷുറൻസ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. ഇൻഷുർ ചെയ്‌തയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കമ്പനി പോളിസി തുക ഉടൻ നൽകും. കാലാവധി അവസാനിച്ചതിന് ശേഷം ഇൻഷുറൻസ് തുകയുടെ മൂല്യവും ലഭിക്കും.
ചൈൽഡ് ഇൻഷുറൻസ് പോളിസികളിൽ പ്രധാനമായും പറയേണ്ടത് അതിന് ഇരട്ടി നഷ്‌ടപരിഹാരം ലഭിക്കുമെന്നതാണ്. പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷ്വർ ചെയ്‌തയാൾ നോമിനിക്ക് ഉടനടി നഷ്‌ടപരിഹാരം നൽകുന്നു. അതിനുശേഷം, പോളിസി കാലാവധി അവസാനിക്കുന്നതുവരെ പോളിസി ഉടമയുടെ പേരിൽ ഇൻഷുറൻസ് കമ്പനി പ്രീമിയം അടയ്ക്കുന്നു.
അതിനുശേഷം, കാലാവധി അവസാനിച്ചയുടൻ അത് വീണ്ടും പോളിസി മൂല്യം നോമിനിക്ക് നൽകും. ഇത് കുട്ടികളുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കും. ഈ പോളിസികളിൽ മിക്കവയിലും, കുട്ടിയുടെ ആവശ്യങ്ങളുടെ വിവിധ ഘട്ടങ്ങൾ അനുസരിച്ചാണ് കാലാവധി നിശ്ചയിക്കുന്നത് - ഉന്നത വിദ്യാഭ്യാസം, വിവാഹം, മറ്റ് ചെലവുകൾ.
എൻഡോവ്‌മെന്‍റ് പോളിസികൾ: കുട്ടികളുടെ പോളിസികളിൽ എൻഡോവ്‌മെന്‍റ് പ്ലാനുകളും യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികളും ലഭ്യമാണ്. കുറഞ്ഞ റിസ്‌ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എൻഡോവ്‌മെന്‍റ് പോളിസികൾ പരിശോധിക്കാം. ഇതിൽ, ഇൻഷുറൻസ് കമ്പനി ബോണസും ലോയൽറ്റി കൂട്ടിച്ചേർക്കലുകളും ഉറപ്പ് നൽകുന്നുണ്ട്. ഇവയുടെ ആദായം 5-6 ശതമാനം വരെയാകാം. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി നിക്ഷേപങ്ങൾ ഇക്വിറ്റികളിലാണ് കൂടുതൽ. പത്ത് വർഷത്തിന് ശേഷം മാത്രമേ കുട്ടികൾക്ക് പണം ആവശ്യമായി വരൂ എന്ന് പ്രതീക്ഷിക്കുമ്പോൾ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികളിലെ ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം.
ഭാവിയെ മുൻനിർത്തി സമ്പാദ്യത്തിനും നിക്ഷേപത്തിനും മുൻഗണന നൽകണം. വിവാഹശേഷം നിങ്ങളുടെ ആശ്രിതർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാൻ പദ്ധതികൾ ആസൂത്രണം ചെയ്യുക. പ്രത്യേകിച്ച് കുട്ടികളുടെ ജനനശേഷം, അവരുടെ 21 വർഷത്തെ സാമ്പത്തിക ആവശ്യങ്ങൾക്ക് സംരക്ഷണം നൽകണം. നിക്ഷേപം കൊണ്ട് മാത്രം എല്ലാം സാധ്യമാകണമെന്നില്ല. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക.
ഓരോരുത്തർക്കും അവരുടെ വാർഷിക വരുമാനത്തിന്‍റെ 10-12 ഇരട്ടിയെങ്കിലും ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടെന്ന് ഉറപ്പാക്കണം. വരുമാനത്തിന്‍റെ 15-20 ശതമാനത്തിലധികം കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപിക്കണം. എങ്കിൽ മാത്രമേ സാമ്പത്തിക ഭദ്രതയുള്ള കുടുംബാന്തരീക്ഷം സൃഷ്‌ടിക്കാൻ സാധിക്കു.