തുമകുരു(കർണാടക): വാഹനം വാങ്ങാൻ ഷോറൂമിലെത്തിയപ്പോൾ വസ്ത്രത്തിന്‍റെ പേരിൽ കടുത്ത അപമാനം നേരിടേണ്ടി വന്ന കർഷകന് ഒടുവിൽ വീട്ടിലേക്ക് പിക്കപ്പ് വാൻ എത്തിച്ചുനൽകി മഹീന്ദ്ര കമ്പനി. തുമകുരു ജില്ലയിലെ രാമനപാളയയിലെ കർഷകനായ കെംപെഗൗഡയാണ് അടുത്തിടെ കമ്പനിയുടെ എസ്‌യുവി ഷോറൂമിലെ ജീവനക്കാരനിൽ നിന്ന് അവഹേളനം നേരിടേണ്ടിവന്നത്.
എന്നാൽ സുഹൃത്തുക്കളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ച് നൽകിയ കെംപെഗൗഡ ഉടൻ തന്നെ വാഹനം നൽകണമെന്ന് ഷോറൂം ജീവനക്കാരനോട് ആവശ്യപ്പെട്ടു. കർഷകന്‍റെ പ്രതികരണത്തിൽ പകച്ച ജീവനക്കാർ മൂന്ന് ദിവസത്തിനുള്ളിൽ വാഹനം എത്തിക്കാമെന്ന് അറിയിച്ചു.
പിന്നാലെ മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്‌തു. സെയിൽസ്‌മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നൽകുകയും ചെയ്‌തതോടെയാണ് പ്രശ്‌നം ഒത്തുതീർപ്പായത്. ഇതിനുപിന്നാലെ ജനുവരി 28ന് കെംപെഗൗഡയുടെ വീട്ടിലേക്ക് പിക്കപ്പ് എത്തിച്ചുനൽകുകയായിരുന്നു.
READ MORE: മഹീന്ദ്ര ഷോറൂമില്‍ വാഹനം വാങ്ങാനെത്തിയ കർഷകനെ അപമാനിച്ചു, കയ്യോടെ 10 ലക്ഷം കൊടുത്തപ്പോൾ മാപ്പ്
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയും കർഷകനെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ അദ്ദേഹത്തിന് നേരിടേണ്ടിവന്ന അപമാനത്തിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഓട്ടോമോട്ടീവും ട്വീറ്റ് ചെയ്‌തു.
അതേസമയം വിഷയത്തിൽ പ്രതികരിച്ച കെംപെഗൗഡ, വാഹനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. 'സംഭവത്തെ തുടർന്ന് ഷോറൂം ജീവനക്കാരും മുതിർന്ന ഉദ്യോഗസ്ഥരും ക്ഷമാപണം നടത്തി. ആരെങ്കിലും മാപ്പ് ചോദിക്കുമ്പോൾ ക്ഷമിക്കേണ്ടത് ഒരാളുടെ കടമയാണ്. ജീവനക്കാർ തന്നെ എന്‍റെ വീട് സന്ദർശിച്ച് വാഹനം എത്തിച്ചു. എനിക്കുണ്ടായ അനുഭവം ആർക്കും സംഭവിക്കരുത് എന്നത് മാത്രമായിരുന്നു ഉദ്ദേശം.
9.40 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. ഇതിനുള്ള ഡിസ്‌കൗണ്ട് ഷോറൂം അധികൃതർ നൽകിയിട്ടില്ല. ഒരുപക്ഷെ ഏതെങ്കിലും തരത്തിലുള്ള ഡിസ്‌കൗണ്ട് ഉണ്ടെങ്കിലും അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ വാഹനം കിട്ടിയതിൽ സന്തോഷമുണ്ട്', കെംപെഗൗഡ പറഞ്ഞു.