ന്യൂഡൽഹി: നക്‌സലുകൾ പുറത്തു വിട്ട, മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ബിജാപൂർ ആക്രമണത്തിൽ കാണാതായ കോബ്ര ജവാന്‍റേതാണെന്ന് കേന്ദ്ര റിസർവ് പൊലീസ് സേനാ വൃത്തങ്ങൾ. ഇക്കാര്യത്തിൽ സിആർപിഎഫ് ഉചിതമായ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.
'രാകേശ്വർ സിംഗ് മൻഹാസ് എന്ന ജവാനെ ഇപ്പോഴും കാണാനില്ല. അദ്ദേഹം നക്‌സലുകളുടെ പിടിയിൽ അകപ്പെട്ടു എന്നാണ് അഭ്യൂഹങ്ങൾ. ഞങ്ങൾ വാർത്തകൾ പരിശോധിച്ചുറപ്പിക്കുകയും ഇക്കാര്യത്തിൽ നടപടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ട് ' - സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിംഗ് അറിയിച്ചു.
നേരത്തെ നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര സർക്കാരുമായി ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് തുറന്ന കത്ത് അയച്ചിരുന്നു. പിടിച്ചെടുത്ത ജവാന്‍റെ മോചനത്തിനായി കേന്ദ്രം മധ്യസ്ഥരെ പ്രഖ്യാപിക്കണമെന്നും നിരോധിത സംഘടന നിർദേശിച്ചിരുന്നു.
ബിജാപൂർ നക്‌സൽ ആക്രമണത്തിൽ 24 സുരക്ഷ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടപ്പെട്ടു, 31 പേർക്ക് പരിക്കേറ്റു. ഒരു ജവാൻ തങ്ങളുടെ കസ്റ്റഡിയിലാണ്. നാല് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങള്‍ക്ക് ജീവൻ നഷ്‌ടപ്പെട്ടു. സർക്കാരുമായി ചർച്ച നടത്താൻ തങ്ങൾ തയ്യാറാണ്. സർക്കാരിന് മധ്യസ്ഥരെ പ്രഖ്യാപിക്കാൻ കഴിയും. തടവിലാക്കപ്പെട്ട ജവാനെ മോചിപ്പിക്കുമെന്നും പോലീസുകാർ ശത്രുക്കളല്ലെന്നും തുറന്ന കത്തിൽ പറയുന്നു.