ചണ്ഡിഗഡ്: വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ ആരോപണങ്ങൾ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് സഭയില്‍ ബഹളം വച്ചതിനെ വിമര്‍ശിക്കുകയായിരുന്നു ഖട്ടാര്‍. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 9000ത്തോളം പേരുടെ ഫോണുകള്‍ ചോര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഖട്ടാറിന്‍റെ ആരോപണങ്ങള്‍
"ചാരവൃത്തിയിലോ ഫോൺ ചോര്‍ത്തലുമായോ ഞങ്ങളുടെ പാർട്ടിക്ക് ഒരു ബന്ധവുമില്ല. ചാരപ്രവൃത്തികള്‍ ചെയ്യുന്നതും ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഒരു പ്രശ്‌നം ഉന്നയിക്കാൻ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇത്തരത്തില്‍ ജനാധിപത്യ രാജ്യത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് കൊണ്ട് അവര്‍ ഒന്നും നേടാൻ പോകുന്നില്ല. ജനങ്ങള്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും ഖട്ടാര്‍ പറഞ്ഞു.
ജനാധിപത്യപരമായി രാജ്യം ഭരിക്കുന്നതില്‍ കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നില്ല. അന്താരാഷ്ട്ര ഏജൻസികള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ഫോണ്‍ ചോര്‍ത്തലിനെതിരെ ശബ്‌ദമുയര്‍ത്തുന്നത്. അധികാരത്തിലിരുന്നപ്പോള്‍ സ്വന്തം നേതാക്കളെ നിരീക്ഷിക്കുന്നതിനായി ചാരവൃത്തി നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍.
മുൻ റെയിൽവേ മന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള സ്വന്തം പാർട്ടി നേതാക്കളെ നിരീക്ഷിക്കാൻ ചാരവൃത്തി നടത്തിയതിന് തെളിവുകളുണ്ട്. ചാരവൃത്തി നടത്തിയതിന് അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി പ്രണബ് മുഖർജി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് എഴുതിയ കത്തും അതിന് ഉദാഹരണമാണെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു".
Also Read: മക്കയിലും മദീനയിലും സുരക്ഷ ഉദ്യോഗസ്ഥരായി ഇനി വനിതകളും