ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി ഫൈസർ കൊവിഡ് വാക്‌സിൻ നിർമാതാക്കൾ. ബ്രിട്ടണിലും ബഹ്റൈനിലും ഫൈസറിന്‍റെ വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലും അനുമതി തേടി കമ്പനി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയെ സമീപിച്ചത്. രാജ്യത്ത് വിൽപ്പനയ്ക്കും വിതരണത്തിനുമായി വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കൊപ്പം 2019ലെ പുതിയ മരുന്ന്-ക്ലിനിക്കൽ പരീക്ഷണ നിയമമനുസരിച്ച് പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി ഇന്ത്യൻ ജനസംഖ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒഴിവാക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്.
യു.കെ റെഗുലേറ്റർ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി അടിയന്തര ഉപയോഗത്തിന് ഫൈസറിന് താൽക്കാലിക അംഗീകാരം നൽകിയതോടെ കൊവിഡിനെതിരെ ഫൈസർ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി യു.കെ മാറിയിരുന്നു. കൊവിഡിനെതിരെ 95 ശതമാനം വരെ പരിരക്ഷ നൽകുമെന്ന് അവകാശപ്പെടുന്ന വാക്‌സിൻ ആളുകളിലേക്ക് എത്തിക്കുന്നത് സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് റെഗുലേറ്റർ പറഞ്ഞു. ഫൈസറും ബയോൺ ടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി നൽകുന്നതായി ബഹ്റൈനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യക്ക് പുറമെ യു.എസിലും വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതി ഫൈസർ തേടിയിട്ടുണ്ട്.
എന്നാൽ വാക്‌സിൻ സംഭരിക്കുന്നതിന് അനിവാര്യമായ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനില ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, സൃഷ്‌ടിക്കുന്നത് വളരെ പ്രയാസകരമാണെന്നത് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ അഞ്ച് കൊവിഡ് വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ പുരോഗമിക്കുന്നുണ്ട്.