ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വാക്‌സിൻ നയത്തെക്കുറിച്ചും കേന്ദ്ര സർക്കാരിനെയും മോദിയെയും വിമർശിച്ച് പോസ്‌റ്റർ ഒട്ടിച്ചതിന് 24 പേരാണ് ഇതുവരെ അറസ്‌റ്റിലായത്.
പ്രദീപ് കുമാർ എന്നയാളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും അനുവദിച്ചു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകണമെന്നും പോസ്‌റ്റർ പതിച്ചവർക്ക് എതിരെ നടപടി എടുക്കരുതെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
Read More……എന്നെയും കൂടി അറസ്‌റ്റ് ചെയ്യൂ, പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
മോദി സർക്കാരിന്‍റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. “നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്‌റ്ററുകളിൽ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തിൽ പൊതുസ്വത്ത് നശിപ്പിക്കൽ നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. പോസ്‌റ്റർ പതിച്ചവർക്ക് എതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും നടൻ പ്രകാശ് രാജും രംഗത്ത് വന്നിരുന്നു. തന്നെയും കൂടി അറസ്‌റ്റ് ചെയ്യൂ എന്ന് ട്വീറ്റ് ചെയ്‌തു കൊണ്ടാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. അതേസമയം പോസ്‌റ്ററിലെ അതേ ചോദ്യം താനും ചോദിക്കുകയാണെന്നും തന്നെയും അറസ്‌റ്റ് ചെയ്യൂ എന്നുമായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.