ഹൈദരാബാദ്: പണമിടപാടുകൾക്ക് ഏറെ സംഭാവന നൽകിയ ആപ് ആണ് ഗൂഗിൾ പേ (Google Pay). ഇപ്പോഴിതാ ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനിമുതൽ എളുപ്പത്തിൽ വായ്‌പ ലഭിക്കാനുള്ള സൗകര്യവും ഗൂഗിൾ പേയിൽ ലഭ്യമാകും (Personal Loan on Google Pay). വായ്‌പയ്‌ക്കായി ബാങ്കിൽ പോകാതെ ഇടപാടുകാരുടെ സമയം ലാഭിക്കാനാണ് ഈ സൗകര്യം ഒരുക്കുന്നതെന്നാണ് വെളിപ്പെടുത്തൽ.
ഗൂഗിൾ പേയിൽ വ്യക്തിഗത ലോണിന് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം, നിങ്ങളുടെ ഗൂഗിൾ പേ സ്‌ക്രീനിലെ മണി ടാബിൽ (money tab) ക്ലിക്ക് ചെയ്യുക.
- ശേഷം ലോൺസ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- പിന്നാലെ ആപ്പിന്‍റെ ലോൺ ഓഫറുകളുടെ വിഭാഗം വ്യക്തമാക്കുന്ന പേജ് ലഭിക്കും
- പ്രീ-അപ്രൂവർ ലോൺ ഓഫറുകൾ ഇതിന് കീഴിലാണ് വരിക.
- ഓഫറുകൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്ന് കരുതുന്നുവെങ്കിൽ ഇഎംഐ (EMI) ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
- ശരിയായ വിശദാംശങ്ങളും ആവശ്യമായ വിവരങ്ങളും ഇഎംഐയിൽ കൃത്യമായി പൂരിപ്പിക്കുക.
- സബ്‌മിറ്റ് ചെയ്‌ത ശേഷം ഒടിപി ലഭിക്കും (OTP).
- തന്നിരിക്കുന്ന കോളത്തിൽ ഒടിപി നൽകുക.
- തുടർന്ന് ബാങ്ക് നിങ്ങളുടെ അപേക്ഷ പരിശോധിക്കുന്നതിനായി കാത്തിരിക്കുക.
- ബാങ്ക് അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ ലോൺ ടാബ് പരിശോധിക്കുക. ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യുന്നതിന് മുമ്പ്, പ്രോസസിങ് ഫീസും ലോൺ സ്റ്റാമ്പ് ഡ്യൂട്ടികളും ഒഴിവാക്കുന്നതാണ്.
- തുടർന്ന് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യും.
ലോൺ തിരിച്ചടവ് എങ്ങനെ?
ഗൂഗിൾ പേ വഴി ലോൺ എടുത്തതിന് ശേഷം അത് എങ്ങനെ തിരിച്ചടയ്‌ക്കാം എന്നതിനെ കുറിച്ച് പലവിധ സംശയങ്ങളും ഉണ്ടായേക്കാം. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാം.
- ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് വായ്‌പ തിരിച്ചടക്കുന്നത്. ബാങ്ക് നിയമങ്ങൾ അനുസരിച്ച്, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇഎംഐ തുക ഡെബിറ്റ് ചെയ്യേണ്ട തിയതിയും ഇവിടെ ലഭ്യമാകും. എല്ലാ മാസവും ഒരു നിശ്ചിത തിയതിയിൽ ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും.
- അതേസമയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇഎംഐക്ക് ആവശ്യമായ പണം ഇല്ലാത്തപക്ഷം പിഴ ഈടാക്കും. മാത്രമല്ല, ക്രെഡിറ്റ് സ്‌കോർ കുറയുകയും കടം വാങ്ങുന്നതിന് തടസം നേരിടുകയും ചെയ്യും.
എത്രത്തോളം വായ്‌പ ലഭിക്കും?
- ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ ഗൂഗിൾ പേയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ലിങ്കുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. തൽഫലമായി, പണം കൈമാറ്റവും ഗണ്യമായി ഉയർന്നു.
- ഫെഡറൽ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഡിഎംഐ ഫിനാൻസ് തുടങ്ങിയ ബാങ്കിങ് ഭീമന്മാർ 15% വാർഷിക പലിശയിൽ, 36 മാസത്തേക്ക് 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് വായ്‌പ വാഗ്‌ദാനം ചെയ്യുന്നത്.
- അതേസമയം ചെലവും കഴിവും വരുമാനവും അനുസരിച്ച് 'യോഗ്യരായ' ഉപയോക്താക്കൾക്കാണ് ഗൂഗിൾ പേ വഴി ലോൺ ലഭ്യമാകുക.
വായ്‌പ ലഭിക്കുന്നതിനുള്ള യോഗ്യത?
- ഗൂഗിൾ പേ ഉപയോഗിക്കുന്ന എല്ലാവർക്കും ലോൺ സേവനത്തിന്‍റെ പ്രയോജനം ലഭിക്കില്ല.
- രേഖകളിൽ പാൻ കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ രേഖപ്പെടുത്തി, വിലാസം ഉൾപ്പടെയുള്ള വിശദാംശങ്ങൾ കൃത്യമായി നൽകുക. തുടർന്ന് വായ്‌പയ്‌ക്ക് യോഗ്യരാണോ എന്ന് വ്യക്തമാവും.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ സ്‌ക്രീനിൽ ദൃശ്യമാകും. ഈ ഘട്ടത്തില്‍ നിങ്ങൾക്ക് വായ്‌പയ്‌ക്ക് അർഹതയുണ്ടോ ഇല്ലയോ എന്ന് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിക്കും.
- ബാങ്ക് സ്ഥിരീകരണത്തിന് ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഗൂഗിൾ പേയിൽ ലോൺ ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് അറിയാമല്ലോ. എന്നാൽ കൃത്യമായ ആലോചന നടത്താതെ വിശദാംശങ്ങൾ നൽകരുത്. ലോണിനായി അപേക്ഷിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. പ്രധാനമായും നിങ്ങളുടെ തിരിച്ചടവ് ശേഷി വിലയിരുത്തണം. ദൈനംദിന ആവശ്യങ്ങൾക്ക് ആയാസപ്പെടാതെ തന്നെ തിരിച്ചടവും പലിശയും നൽകാൻ കഴിയുമോ എന്ന് ഉറപ്പാക്കണം.