കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വഭാവ സവിശേഷത ചോദ്യം ചോദിക്കലാണ്. അവർ ചോദിക്കട്ടെ - എപിജെ അബ്ദുൾ കലാം
രാഷ്ട്രപതി എന്ന് കേൾക്കുമ്പോഴെല്ലാം ഏതൊരു ഇന്ത്യക്കാരന്‍റെയും മനസിലേക്ക് ഓടിയെത്തുന്ന ചിത്രം അത് ഡോ.എപിജെ അബ്ദുൾ കലാമിന്‍റേതാകും. 2002ൽ കെആർ നാരായണന്‍റെ പിൻഗാമിയായി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും മുതിർന്ന ശാസ്ത്ര ഉപദേഷ്ടാവും ആയിരുന്ന അബ്ദുൾകലാം രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ അത് ഒരു ജനകീയനായ പ്രസിഡന്‍റിന്‍റെ ജനനം കൂടിയായിരുന്നു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931 ഓക്ടോബർ 11ന് ജൈനുലാബ്‌ദീന്‍റെയും ആഷിയമ്മയുടെയും ഇളയ പുത്രനായാണ് അബ്ദുൾ കലാമിന്‍റെ ജനനം. മുഴുവൻ പേര് അവുൽ പകീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അഥവാ എപിജെ അബ്ദുൾ കലാം. പറക്കാൻ സ്വപ്‌നം കണ്ട കുട്ടിയിൽ നിന്ന് വളർന്ന് 1955ൽ മദ്രാസ് ഐഐടിയിൽ എയ്‌റോസ്പേസ് എഞ്ചിനീയറിംഗിന് എത്തിയതോടെ കലാമിന്‍റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്‌ക്കുകയായിരുന്നു.
മിസൈൽ മനുഷ്യനിലേക്കുള്ള യാത്ര
പഠനശേഷം ഡിആർഡിഒയിൽ സീനിയർ സയന്‍റിഫിക് അസിസ്റ്റന്‍റായ കലാം 1969ൽ ഐഎസ്ആർഒയുടെ ഭാഗമായി. അവിടെ അദ്ദേഹം ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എൽവി-3ന്‍റെ പ്രോജക്ട് ഡയറക്ടറായി. 1980ൽ കലാമിന്‍റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉപഗ്രഹമായ രോഹിണി എസ്എൽവി 3 ഭ്രമണ പഥത്തിൽ എത്തിച്ചു.
എസ്എൽവിക്ക് പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾക്ക് പിന്നാലെയായിരുന്നു കലാം. ഇന്ത്യയുടെ സംയോജിത മിസൈൽ ഗൈഡഡ് മിസൈൽ വികസനത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്‍റെ ശ്രമഫലം ആയിരുന്നു അഗ്നി, പ്രഥ്വി മിസൈലുകൾ. ഇതോടെ കലാം ഇന്ത്യയുടെ മിസൈൽ മാൻ ആയി. 1990ൽ പദ്മ ഭൂഷണും 1997ൽ ഭാരത് രത്നയും നൽകി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു.
1992ൽ ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ മുതിർന്ന ശാസ്ത്ര ഉപദേഷ്ടാവായ കലാം 1998ലെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണങ്ങളിലും പ്രധാന പങ്കുവഹിച്ചു. ഒടുവിൽ ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയെന്ന നിയോഗം അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ ചന്ദ്രയാൻ പദ്ധതിക്ക് ഒരു രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം നൽകിയ പ്രചോദനവും അവിസ്മരണീയമാണ്.
വാക്കുകൾ കൊണ്ട് ഇന്ത്യക്കാരെ പ്രചോദിപ്പിച്ച മനുഷ്യൻ
ശാസ്ത്രജ്ഞൻ എന്നതിലുപരി തന്‍റെ വ്യക്തിത്വവും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന് ജന മനസിൽ ചിരപ്രതിഷ്ട നേടിക്കൊടുത്തത്. കലാമിന്‍റെ ഓരോ പ്രഭാഷണങ്ങളും നമ്മളെ പ്രചോദിപ്പിക്കുകയായിരുന്നു. സ്വപ്‌നം കാണാൻ പഠപ്പിക്കുകയായിരുന്നു. ജീവിതത്തിൽ മുന്നേറാൻ അദ്ദേഹത്തെ പോലെ ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ച മറ്റൊരു വ്യക്തി ഉണ്ടോ എന്ന് സംശയമാണ്.
വിദ്യാർഥികളുമായി അബ്ദുൾകലാം നടത്തിയ ഓരോ കൂടിക്കാഴ്ചകളും ഓരോ പ്രഭാഷണങ്ങളും എന്നെന്നും ഓർമിക്കപ്പെടുന്നതാണ്. അഗ്നിച്ചിറകുകൾ എന്ന അദ്ദേഹത്തിന്‍റെ ആത്മകഥ വായിക്കാത്ത വിദ്യാർഥികൾ ചുരുക്കമായിരിക്കും. ഒരിക്കൽ കോഴിക്കോട് ടാഗോൾ ഹാളിൽ വിദ്യാർഥികളുമായി സംവദിക്കവെ ഇംഗ്ലീഷിൽ പിന്നോട്ടാണെന്ന് പറഞ്ഞ കുട്ടിയോട് മലയാളത്തിൽ സംസാരിക്കാം എന്ന് പറഞ്ഞ കലാമിനെ ഒരു മലയാളിയും മറക്കില്ല.
വിദ്യാർഥികളോട് ഇടപെഴുകുന്നതിൽ താല്പര്യം കാണിച്ച ഉറങ്ങാതിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്‌നമെന്ന് അവർക്ക് പറഞ്ഞു കൊടുത്ത അദ്ദേഹം അതുകൊണ്ട് തന്നെ രാഷ്ട്പതി സ്ഥാനം ഒഴിഞ്ഞപ്പോൾ തെരഞ്ഞെടുത്തതും അധ്യാപനത്തിന്‍റെ പാതയാണ്. ഏറ്റവും ഒടുവിൽ 2015 ജൂലൈ 27ന് എണ്‍പത്തിമൂന്നാം വയസിൽ ഷില്ലോങ്ങിൽ വെച്ച് ഹൃദയാഘാതം വന്നു വീഴുമ്പോഴും വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു എന്നത് ഒരു പക്ഷെ അദ്ദേഹത്തെ പോലൊരാൾക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ അവസാന നിമിഷങ്ങളാകും.