ലഖ്‌നൗ: ഉത്തരേന്ത്യയിലെ അതിപുരാതനമായ ക്ഷേത്രങ്ങളുള്ള വാരണസി വളരെ പ്രസിദ്ധമാണ്. ഹിന്ദു മത വിശ്വാസികള്‍ ഏറെ പ്രധാന്യം നല്‍കുന്നതും പുണ്യ സ്ഥലമായി കണക്കാക്കുന്നതുമായ സ്ഥലമാണിത്. പുരാതന കാലത്ത് പണിത നിരവധി ക്ഷേത്രങ്ങളും കോവിലുകളുമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
വാരണസിയിലെ ക്ഷേത്ര പരിസരങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് കാണാനാവുക വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും ആചാരങ്ങളുമാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഏറെ ഇഷ്‌ടമുള്ള പുണ്യസ്ഥലമാണിത്. വാരണസിയോടുള്ള പ്രിയം പോലെ തന്നെ ഇവിടുത്ത ഭക്ഷ്യ വിഭവങ്ങളും വളരെ പ്രസിദ്ധമാണ്. ഇത്തരത്തില്‍ ആളുകള്‍ ഏറെ കഴിക്കാന്‍ ആഗ്രഹിക്കുന്നതും ഇഷ്‌ടപ്പെടുന്നതുമായൊരു വിഭവമാണ് ബനാറസി പാന്‍.
ബനാറസി പാന്‍ വിശേഷങ്ങള്‍ ഇങ്ങനെ: ബനാറസിലെ പാന്‍ ഈ നാടിന്‍റെ അഭിമാനമാണെന്നാണ് വാരണസിക്കാര്‍ കരുതപ്പെടുന്നത്. ബനാറസി പാനിനോട് ഏറ്റവും കൂടുതല്‍ ഭ്രമമുള്ള ആളുകളാണ് വാരണസിക്കാര്‍. ദിവസേന വാരണസിയില്‍ വില്‍പന നടത്തുന്ന പാനിന്‍റെ എണ്ണം കണക്കാക്കിയാല്‍ ജനങ്ങളുടെ പാനിനോടുള്ള ഭ്രമം എത്രത്തോളമാണെന്ന് നമുക്ക് കണക്കാക്കാന്‍ കഴിയും.
ദിവസം തോറും ഓരോ ട്രക്ക് നിറയെ പാനുകളാണ് വാരണസിയില്‍ വിറ്റഴിയുന്നത്. മൂന്ന് ലക്ഷം വെറ്റിലയാണ് ഒരു ദിവസം മാത്രം വില്‍പ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ ആയിര കണക്കിന് രൂപയാണ് വാരണസിയിലെ പാന്‍ കച്ചവച്ചടക്കാരുടെ ദിവസ വരുമാനമെന്ന് പറയുന്നത്. ബനാറസി പാന്‍ കഴിയ്‌ക്കുന്നത് ഓരോ വാരണസി സ്വദേശിയുടെയും പ്രധാനപ്പെട്ട ശീലങ്ങളിലൊന്നാണ്.
പാന്‍ ഏത് സമയവും വായില്‍ സൂക്ഷിക്കുന്നതിലൂടെ ശരീരത്തിന് ഏറെ ഉന്മേഷം ലഭിക്കുമെന്നാണ് വാരണസിക്കാരുടെ വിശ്വാസം. നൂറുകണക്കിനാളുകളാണ് ബനാറസി പാന്‍ ദിവസവും കഴിച്ച് കൊണ്ടിരിക്കുന്നതെന്നും ഒരാള്‍ ഒരു ദിവസം കുറഞ്ഞത് 10 ബീഡയെങ്കിലും കഴിക്കുമെന്ന് പ്രദേശവാസിയായ ഹരീഷ് മിശ്ര പറഞ്ഞു. 10 എന്നത് കുറഞ്ഞ അളവാണെന്നും 20, 30 ബീഡകള്‍ വരെ കഴിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 40 ലക്ഷം ജനസംഖ്യയുള്ള ബനാറസില്‍ 25 ലക്ഷം പേരും ദിവസവും പാന്‍ കഴിക്കുന്നവരാണ്.
വ്യത്യസ്‌ത തരത്തിലാണ് ബനാറസ് പാനിന്‍റെ വില. പൊതുവെ അഞ്ച് രൂപ മുതൽ 50 രൂപ വരെയുള്ള പാനുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. എന്നാല്‍ ഇവയുടെ വില ചില സമയങ്ങളില്‍ കൂടുകയും കുറയുകയും ചെയ്യും. മാത്രമല്ല പാനില്‍ ചേര്‍ക്കുന്ന പ്രത്യേക വിഭവങ്ങള്‍ക്ക് അനുസരിച്ച് അവയുടെ വിലയിലും മാറ്റങ്ങള്‍ ഉണ്ടാകും.
ബനാറസിൽ പ്രതിദിനം 25 മുതൽ 30 ലക്ഷം വരെ പാനുകള്‍ വിറ്റഴിക്കുന്നതായി പാൻ വ്യാപാരികൾ അവകാശപ്പെടുന്നു. ബനാറസിലെ വെറ്റില വ്യാപാരം വളരെ പഴക്കമുള്ളതാണെന്ന് ബറായ് സംഘം ജനറൽ സെക്രട്ടറി ബബ്‌ലു ചൗരസ്യ പറയുന്നു. ബനാറസ് പാന്‍ വില്‍പ്പനയ്‌ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വാരണസിയില്‍ ധാരാളം വെറ്റില ലഭിക്കുന്ന സ്ഥലമാണ് പാന്‍ ദാരിബ. ബനാറസിലെ ഈ മാര്‍ക്കറ്റില്‍ നിന്നാണ് പൂര്‍വാഞ്ചലിലേക്ക് വെറ്റില കൊണ്ട് പോകുന്നത്. ഏകദേശം 5000 മുതൽ 10,000 ആളുകൾ ബനാറസിലെ ഈ ബിസിനസുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്നു. അതിൽ ചെറുകിട വ്യപാരികള്‍ മുതൽ വൻകിട വ്യവസായികളും കടയുടമകളും ഉൾപ്പെടുന്നുണ്ട്.
also read: വാരണസിയിലെ ഹോട്ട് എയര്‍ ബലൂണ്‍ ; താഴെയിറക്കിയതോടെ ആവേശഭരിതരായി കാണികള്‍: വീഡിയോ