ചെങ്കൽപേട്ട് (തമിഴ്‌നാട്): റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ കിളമ്പാക്കം പ്രദേശത്തെ വൃന്ദാവൻ അപ്പാർട്ട്‌മെന്‍റിലാണ് സംഭവം. അപകടത്തില്‍ ഗിരിജ(63), രാധ(55), രാജ്‌കുമാർ(45) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബൃന്ദാവൻ അപ്പാർട്ട്‌മെന്‍റിലെ ഒന്നാം നിലയിലെ താമസക്കാരാണ് മരിച്ച ഗിരിജയും കുടുംബവും. ഇവര്‍ ഉറങ്ങുന്നതിനിടെയാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചത്.
ശബ്‌ദം കേട്ടെത്തിയ അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് നീക്കി അകത്ത് കടന്നപ്പോഴാണ് ഗിരിജയേയും രാധയേയും രാജ്‌കുമാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന രാജ്‌കുമാറിന്‍റെ ഭാര്യ ഭാര്‍ഗവിയേയും മകള്‍ ആരാധ്യയേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഭാർഗവിയും ആരാധ്യയും ക്രോംപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഫ്രിജറേറ്ററില്‍ നിന്ന് വന്ന വാതകം ശ്വസിച്ചതാണ് മൂന്നുപേരുടെയും മരണത്തിന് കാരണമായതെന്ന് ചെങ്കൽപേട്ട് ജില്ല കലക്‌ടര്‍ രാഹുൽ നാഥ് പറഞ്ഞു.
'ഗിരിജയും രാജ്‌കുമാറും ദുബായിൽ നിന്ന് ഒരു കുടുംബ പരിപാടിക്കായി എത്തിയതായിരുന്നു. ഒരു വർഷത്തിലേറെയായി വീട് പൂട്ടിക്കിടക്കുന്നതിനാൽ ഫ്രിഡ്‌ജ് പ്രവർത്തിപ്പിച്ചിരുന്നില്ല. ഇന്നലെ അവർ അത് ഓണാക്കി. വൈദ്യുതി ചോർച്ചയെ തുടർന്ന് ഫ്രിഡ്‌ജ് പൊട്ടിത്തെറിക്കുകയായിരുന്നു. രാജ്‌കുമാറിന്‍റെ ഭാര്യ ഭാർഗവിയും മകൾ ആരാധ്യയും മറ്റൊരു മുറിയിലായിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു', കലക്‌ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കലക്‌ടര്‍ പറഞ്ഞു.