ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മോദി സർക്കാരിന്‍റേത് രാജ്യദ്രോഹ നടപടിയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ ഉടൻ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഫോണ്‍ ചോര്‍ത്തലിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അമിത് ഷായ്ക്ക് ആണ്. അമിത് ഷാ വഹിക്കുന്ന എല്ലാ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അമിത് ഷാ രാജിവയ്ക്കണം
കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ അമിത് ഷായ്ക്ക് അർഹതയില്ലെന്നും, ഉടൻ രാജിവയ്ക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി, എന്നാല്‍ 'സര്‍വയലൻസ് ഇന്ത്യയെ' ആണ് നമ്മള്‍ ഇപ്പോള്‍ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പരിഹസിച്ചു. ഭരണഘടന, നിയമം, ദേശീയ സുരക്ഷ തുടങ്ങിയവയെ തകര്‍ക്കുന്ന മോദി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് സുര്‍ജേവാല ആരോപിച്ചു.
Also Read: പെഗാസസില്‍ ചോരുന്ന രാജ്യം: രാഹുല്‍ ഗാന്ധി അടക്കം പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർന്നു
അതേസമയം ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.