ന്യൂഡൽഹി: ബി.ജെ.പി യുവജന സംഘടനയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് 'പേടിഎം', 'കൂ' സ്ഥാപകരും അഡീഷണൽ സോളിസിറ്റർ ജനറലും. ഡിജിറ്റല്‍ പേയ്‌മെന്‍റ് കമ്പനിയായ പേടിഎമ്മിന്‍റെ സ്ഥാപകൻ വിജയ് ശേഖർ ശർമ, സാമൂഹ്യ മാധ്യമമായ 'കൂ'വിന്‍റെ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ, എ.എസ്.ജി വിക്രംജിത് ബാനർജി എന്നിവരാണ് ഭാരതീയ ജനത യുവമോർച്ചയുടെ (ബി.ജെ.വൈ.എം) ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചത്.
ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് ക്യാമ്പ് നടക്കുന്നത്. 2014 ല്‍ വന്ന സർക്കാരിന്‍റെ നയം രാജ്യത്ത് പരിമിതമായ സമയത്തിനുള്ളിൽ നിരവധി കമ്പനികള്‍ക്ക് ജന്മംകൊള്ളാന്‍ ഇടയാക്കിയതായി വിജയ് ശേഖർ ശർമ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം, സാങ്കേതികവിദ്യ, സർക്കാർ ഇടപെടല്‍ എന്നിവയെക്കുറിച്ച് അപ്രമേയ രാധാകൃഷ്‌ണ സംസാരിച്ചു.
'നിയമം ഒരു വാളും പരിചയും പോലെയാണ്. നമ്മള്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് നമ്മളെ ആശ്രയിച്ചിരിക്കുന്നുവെന്ന് എ.എസ്.ജി വിക്രംജിത് ബാനർജി പറഞ്ഞു. മെയ് 13 മുതൽ 16 വരെയാണ് പരിശീലന ക്യാമ്പ്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗു, ബി.ജെ.വൈ.എം ദേശീയ പ്രസിഡന്‍റ് തേജസ്വി സൂര്യ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.