പട്‌ന: സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയുമായി മുന്നോട്ട് പോകാന്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കി പട്‌ന ഹൈക്കോടതി. വിധി പ്രഖ്യാപിക്കുന്നതിനിടെ സര്‍വേ നടത്താനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ കോടതി തള്ളി. കേസിലെ ഹര്‍ജിക്കാര്‍ നിലവില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മെയ് നാലിനായിരുന്നു ഹൈക്കോടതി ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ഇടക്കാല സ്‌റ്റേക്ക് ഉത്തരവിട്ടത്. ജൂലൈ മൂന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് കേസിന്‍റെ വാദം തുടര്‍ന്നു. തുടര്‍ന്ന് പട്‌ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് കെ വി ചന്ദ്രനും ജസ്‌റ്റിസ് പാര്‍ത്ഥ സാരഥിയും അടങ്ങുന്ന ബെഞ്ച് കേസിന്‍റെ വിധി ഓഗസ്‌റ്റ് ഒന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് സര്‍വേ നടത്തിയത്. ജനുവരി ഏഴ് മുതല്‍ 21 വരെയാണ് ആദ്യ ഘട്ട സര്‍വേ നടന്നത്. രണ്ടാം ഘട്ടത്തില്‍ സാമൂഹിക സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 15 മുതല്‍ മെയ് മാസത്തിന്‍റെ അവസാനം വരെയായിരുന്നു സര്‍വേയ്‌ക്കായി സമയം ക്രമീകരിച്ചിരുന്നത്.
സര്‍വേയ്‌ക്ക് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തിയ പട്‌ന ഹൈക്കോടതി അന്തിമ വിധി വരുന്നത് വരെ സര്‍വേയുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ പി കെ ഷാഹി കോടതിയില്‍ ഹാജരായി. സാധാരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണ് സര്‍വേയ്‌ക്ക് പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിയിലോ പ്രവേശനം നേടുമ്പോള്‍ ജാതി വിവരങ്ങള്‍ നല്‍കാറുണ്ട്. ജാതി സമൂഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. സര്‍വേയില്‍ വിവരങ്ങള്‍ നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍വേയുടെ 80 ശതമാനം പ്രവര്‍ത്തികളും ഇതിനോടകം തന്നെ പൂര്‍ത്തിയായിരിക്കുകയാണന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍, 500 കോടിയാണ് സര്‍വേയ്‌ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീവാസ്‌തവ പറഞ്ഞു.