കൊല്‍ക്കത്ത: വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് യുവാവ് ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. 541 യാത്രക്കാരുമായി ദോഹ വഴി ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ് വിമാനം ചൊവ്വാഴ്‌ച പുലർച്ചെ 3.29 ന് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴാണ് ഒരു യാത്രക്കാരൻ വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞ് ബഹളം വച്ചത്.
എയർലൈൻ ജീവനക്കാർ ഉടൻ തന്നെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ (സിഐഎസ്എഫ്) വിവരമറിയിച്ചു. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി, സ്‌നിഫർ നായകളെ ഉപയോഗിച്ച് പൊലീസ് വിമാനം പരിശോധിച്ചു. വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല എന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ ബോംബുണ്ടെന്ന് തെറ്റായ വിവരം നല്‍കിയ യാത്രക്കാരനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്യലിൽ, വിമാനത്തിൽ ബോംബുണ്ടെന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പറഞ്ഞതായി ഇയാൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ പിതാവിനെ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവാവ് മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് വ്യക്തമാക്കുന്ന ചില മെഡിക്കൽ രേഖകൾ പിതാവ് പൊലീസിന് കൈമാറി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരന്‍ അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാപൂരിലെ താമസക്കാരനായ സാക്കിര്‍ എന്നയാളാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ വിളിച്ചാണ് സാക്കിര്‍ ബോംബ് ഭീഷണിയു ഉയര്‍ത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ വിളിച്ചയാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയും ആയിരുന്നു. എന്നാല്‍ അതേ നമ്പറില്‍ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഫോണില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പൊലീസ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. എന്നാല്‍ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഭിച്ച ഫോണ്‍ കോള്‍ വ്യാജമായിരുന്നു എന്ന് കണ്ടെത്തിയത്.
ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ്, ഫോണ്‍ കോള്‍ ലഭിച്ചത് സാക്കിറിന്‍റെ നമ്പറില്‍ നിന്നാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.