ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ലളിത് ഝായുടെ കസ്റ്റഡി കാലാവധി നീട്ടി (Parliament security breach Accused Lalit Jha's Custodial remand Extended). ജനുവരി 5 വരെയാണ് പട്യാല ഹൗസ് കോടതി ലളിത് ഝായുടെ കസ്റ്റഡി കാലാവധി നീട്ടിയത്. 14 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
കേസിലെ മറ്റ് പ്രതികളായ സാഗർ ശർമ്മ, നീലം, മനോരഞ്ജൻ ഡി, അമോൽ ഷിൻഡെ എന്നിവരുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 21ന് നീട്ടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേസിലെ പ്രധാന പ്രതിക്കെതിരെയും കോടതിയുടെ നടപടി.
അതിനിടെ, കസ്റ്റഡിയിലുള്ള നീലം ആസാദിന്‍റെ മാതാപിതാക്കള്‍ക്ക് കേസിന്‍റെ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. എഫ്‌ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസിന്‍റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, പാര്‍ലമെന്‍റിലുണ്ടായ സുരക്ഷാ വീഴ്‌ചയില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് മുന്‍പ് പ്രതികള്‍ നടത്തിയ ആശയവിനിമയം വീണ്ടെടുക്കുന്നതിനുള്ള ശ്രമവും അന്വേഷണസംഘം ഊര്‍ജിതമാക്കി.
പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13നായിരുന്നു വന്‍ സുരക്ഷാ വീഴ്‌ചയുണ്ടായത്. പുതിയ പാര്‍ലമെന്‍റ മന്ദിരത്തില്‍ ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ ചേംബറിലേക്ക് ചാടുകയും ഷൂവിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഗ്യാസ് കനിസ്റ്റര്‍ ഉപയോഗിച്ച് മഞ്ഞ നിറത്തിലുള്ള പുക ഉയര്‍ത്തുകയുമായിരുന്നു. ശൂന്യവേള നടക്കുന്നതിനിടെയായിരുന്നു ഈ സംഭവമുണ്ടായത്.
പ്രതിഷേധം ശക്തമാക്കി ഇന്ത്യ മുന്നണി: പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രസ്‌താവന നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തിയ പ്രതിപക്ഷ അംഗങ്ങളെ പാര്‍ലമെന്‍റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ മുന്നണി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളില്‍ നിന്നുമായി 146 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി രാജ്യവാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്നണിയിലെ പ്രമുഖ നേതാക്കള്‍ ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തി. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം നടന്നു.