ന്യൂഡൽഹി : പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയില്‍, ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും. ഉദ്‌ഘാടന ചടങ്ങില്‍ നിന്ന് രാഷ്‌ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഹോമം, പൂജ, ബഹുമത പ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടുകൂടി ആരംഭിക്കും. തുടർന്ന് പ്രധാനമന്ത്രി മോദി ഔപചാരിക ഉദ്ഘാടനവും നടത്തും. 25 ഓളം പാർട്ടികളുടെ പ്രതിനിധികളും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പടെ നിരവധി പ്രമുഖരും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
രാവിലെ 7 മണിക്ക് പുതിയ കെട്ടിടത്തിന് പുറത്ത് ഹോമം നടത്തുമെന്നും ആചാരപരമായി ചെങ്കോൽ ശൈവ ക്രമത്തിലെ പ്രധാന പുരോഹിതന്മാർ മോദിക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്‌പീക്കറുടെ കസേരയ്ക്ക് സമീപമാണ് ചെങ്കോല്‍ സ്ഥാപിക്കുക. മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർള, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് തുടങ്ങിയവർ പുതിയ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
Also Read: VIDEO| ഇന്ത്യയുടെ അഭിമാനം; അറിയാം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിശേഷങ്ങള്‍
ത്രികോണാകൃതിയില്‍ നാല് നിലകളിലായി ഏകദേശം 64,500 ചതുരശ്ര അടിയിലാണ് പാര്‍ലമെന്‍റ് മന്ദിരം പണികഴിപ്പിച്ചത്. മന്ദിരത്തില്‍ ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ തുടങ്ങി മൂന്ന് വലിയ പ്രധാന കവാടങ്ങളുണ്ട്. വിഐപികള്‍, എംപിമാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് വ്യത്യസ്‌ത പ്രവേശന കവാടങ്ങളാണുള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ച വസ്‌തുക്കള്‍ ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണം.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നിന്നുള്ള തേക്കിന്‍ തടികള്‍, രാജസ്ഥാനിലെ സാര്‍മധുരയില്‍ നിന്ന് ശേഖരിച്ച ചുവപ്പ്, വെള്ള തുടങ്ങിയ നിറത്തിലുള്ള സാന്‍റ്സ്‌റ്റോണ്‍ എന്നിവ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ചെങ്കോട്ടയ്‌ക്കും ഹുമയൂണിന്‍റെ ശവകുടീരത്തിനും ഉപയോഗിച്ച കല്ലുകളും സാര്‍മാധുരയില്‍ നിന്നാണ് എത്തിച്ചത്.
കെട്ടിടത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ച കെശാരിയ പച്ച കല്ലുകള്‍ ഉദയ്‌പൂരില്‍ നിന്നും ചുവപ്പ് ഗ്രാനൈറ്റുകളും അജ്‌മീറിനടുത്തുള്ള ലഖയില്‍ നിന്നും വെളുത്ത മാര്‍ബിളുകളും രാജസ്ഥാനിലെ അംബാജിയില്‍ നിന്നും എത്തിച്ചവയാണ്. ലോക്‌സഭ, രാജ്യസഭ ചേംബറുകളിലെ ഫാള്‍സ് സീലിങ്ങിനുള്ള ഉരുക്ക് നിര്‍മാണം കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ നിന്നാണ്. കൂടാതെ, പുതിയ മന്ദിരത്തിലെ ഫര്‍ണിച്ചറുകള്‍ മുംബൈയില്‍ നിര്‍മിച്ചവയാണ്. കെട്ടിടത്തില്‍ ഉപയോഗിച്ച ലാറ്റൈസ് എന്ന കല്ല് രാജസ്ഥാനിലെ രാജ്‌നഗറില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും എത്തിച്ചു.
അശോക സ്‌തൂപം നിര്‍മിക്കുന്നതിനായി ഉപയോഗിച്ച വസ്‌തുക്കള്‍ മഹാരാഷ്‌ട്രയിലെ ഔറംഗബാദില്‍ നിന്നും രാജസ്ഥാനിലെ ജയ്‌പൂരില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ലോക്‌സഭ രാജ്യസഭ ചേംബറുകളുടെയും കൂറ്റന്‍ ഭിത്തികളിലും പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പുറംഭാഗങ്ങളിലുമുള്ള അശോകചക്രം നിര്‍മിച്ചിരിക്കുന്നത് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ്. കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ക്രീറ്റ് മിശ്രിതത്തിനായി ഹരിയാനയിലെ ദാദ്രിയില്‍ നിന്നുള്ള മണലും എം-സാന്‍റും ഉപയോഗിച്ചു.