ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭിക്കാൻ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആഭ്യന്തര പാർലമെന്‍ററി കമ്മറ്റി.കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ആശങ്ക പ്രകടിപ്പിച്ച് പാർലമെന്‍ററി കമ്മിറ്റി രംഗത്തെത്തിയത് .ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂവെന്നാണ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ നില തുടർന്നാൽ മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വർഷങ്ങളെടുക്കുമെന്നും കമ്മിറ്റി അറിയിച്ചു. വൈറസ് പകരുകയും കൊവിഡ് വാക്‌സിന്‍റെ പുതിയ വകഭേദങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ ഇത് ഗുരുതരമായ പ്രത്യാഖാതങ്ങൾ സ്യഷ്‌ടിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.
മഹാരാഷ്‌ട്ര ,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകണമെന്നും കമ്മിറ്റി അറിയിച്ചു. ജനസംഖ്യ വളരെ കുറവായതിനാൽ ലക്ഷദ്വീപിൽ വാക്സിനേഷൻ എല്ലാവർക്കും നൽകാൻ സാധിക്കും. കൂടാതെ മെഡിക്കൽ സൗകര്യങ്ങൾ പരിമിതമായതിനാൽ ലക്ഷദ്വീപിൽ വാക്‌സിനേഷന് മുൻഗണന നൽകേണ്ടതുണ്ടെന്നും കോൺഗ്രസ് എംപി ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഇതുവരെ 2,99,08,038 പേർക്കാണ് കൊവിഡ് വാക്‌സിൻ നൽകിയത്.