വൈശാലി(ബിഹാര്‍): അഭിമാനത്തിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ബിഹാറില്‍ രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സറായി പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. മരിച്ച പെണ്‍കുട്ടികളുടെ അമ്മയെ കസ്‌റ്റഡിയിലെടുത്തുവെന്നും ഒളിവിലായ പിതാവിനായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ സഹോദരിമാരെ കൊലപ്പെടുത്തിയെന്ന് അജ്ഞാത ഫോണ്‍ കോള്‍ പൊലീസിന് ലഭിച്ചിരുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലേയ്‌ക്ക് വരുന്നത് കണ്ട പെണ്‍കുട്ടികളുടെ അച്ഛന്‍ സ്ഥലത്തു നിന്നും ഉടന്‍ തന്നെ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുറ്റമേറ്റെടുത്ത് അമ്മ: പതിനെട്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ശേഷം, മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ചോദ്യം ചെയ്യലിനായി പെണ്‍കുട്ടികളുടെ അമ്മയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാല്‍, എല്ലാ കുറ്റവും സ്വമേധയ ഏറ്റെടുത്ത് തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.
പെണ്‍കുട്ടികള്‍ പലപ്പോഴായി ഒളിച്ചോടിയതിനെ തുടര്‍ന്ന് ഇരുവരെയും താനാണ് കൊലപ്പടുത്തിയതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ആദ്യം മൂത്ത മകളെയും പിന്നീട് ഇളയ മകളെയുമാണ് കൊലപ്പെടുത്തിയതെന്നാണ് അവര്‍ നല്‍കിയ മൊഴി. എന്നാല്‍ തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി ഇവര്‍ സ്വയം മെനഞ്ഞെടുത്ത കഥയാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു.
പെണ്‍കുട്ടികളിലൊരാള്‍ 15 ദിവസം മുമ്പ് ഒരു ആണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് ഇവരുടെ പിതാവാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്ന് പഞ്ചായത്ത് പ്രതിനിധി നീരജ് സിങ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സ്വത്ത് കൈവിട്ട് പോകുമോയെന്ന പേടിയില്‍ കൊലപാതകം: അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ മരുമകളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 30കാരിയായ മോണിക്ക എന്ന യുവതിയേയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ച (10.04.2023) രാവിലെയാണ് ന്യൂഡല്‍ഹിയിലെ ഭാഗീരഥി വിഹാറില്‍ ഇരട്ടക്കൊലപാതകം നടന്നത്.
ഇരുനില വീടിന്‍റെ താഴത്തെ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി ഈ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മരിച്ചവരില്‍ ഒരാള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വൈസ് പ്രിന്‍സിപ്പാളായി വിരമിച്ച വ്യക്തിയാണ്.
അന്വേഷണത്തില്‍ വീട്ടില്‍ നിന്നും 4.5 ലക്ഷം രൂപയും ആഭരണങ്ങളും നഷ്‌ടപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് ദമ്പതികള്‍ തങ്ങളുടെ ഭൂമിയുടെ കുറച്ച് ഭാഗം വില്‍പന നടത്തിയത്. 4.5 ലക്ഷം രൂപ കച്ചവടം നടത്തിയതില്‍ അഡ്വാന്‍സ് തുകയായി ലഭിച്ചതായിരുന്നു. എന്നാല്‍, ഈ തുക മോഷണം പോയതോടെ പണം തട്ടുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ പൊലീസ് കരുതി.
സഹായികളായി മരുമകളുടെ സുഹൃത്തുക്കളും: അന്വേഷണത്തിനായി ക്രൈം ടീമും എഫ്എസ്‌എല്‍ സംഘവും കൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് സംഭവ ദിവസം ഇവരുടെ വീട്ടില്‍ മോണിക്കയുടെ സുഹൃത്തുക്കള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടിലെ അംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യുകയും അവരുടെ മൊബൈലുകള്‍ നിരീക്ഷണത്തിലാക്കുകയും ചെയ്‌തു.
തെളിവുകള്‍ നിരത്തിയുള്ള പൊലീസ് ചോദ്യം ചെയ്യലിലാണ് വൃദ്ധ ദമ്പതികളെ സുഹൃത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയതാണെന്ന് മോണിക്ക വെളിപ്പെടുത്തിയത്. ഈ സുഹൃത്തിനൊപ്പം കൃത്യം നടത്താന്‍ ഒരു സഹായിയും ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി. കൊലപാതകത്തിന് ശേഷം മോഷ്‌ടിച്ച സ്വര്‍ണവും പണവുമായി ഇവര്‍ കടന്നുകളയുകയായിരുന്നു.