കോയമ്പത്തൂര്‍: ജാതിയും മതവും പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മകള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവത്തില്‍ ദമ്പതികളുടെ പോരാട്ടം വിജയിച്ചു. നിയമ പോരാട്ടത്തിനൊടുവില്‍ കുട്ടിക്ക് "ജാതിയും മതവും ഇല്ലെന്ന്" കാണിച്ച് കുട്ടിക്ക് മാതാപിതാക്കള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി.
കോയമ്പത്തൂര്‍ സ്വദേശികളായ നരേഷ് കാർത്തിക്കും ഗായത്രിയുമാണ് നിയമ പോരാട്ടം നടത്തി വിജയിച്ചത്. തങ്ങളുടെ മൂന്നര വയസുള്ള കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ എത്തിയതായിരുന്നു ഇരുവരും. പ്രവേശന സമയത്ത് അധികൃതര്‍ കുട്ടിയുടെ ജാതി ചോദിച്ചു. എന്നാല്‍ തങ്ങളുടെ മകള്‍ ഒരു ജാതിയിലും മതത്തിലും പെട്ടയാളല്ലെന്ന് രക്ഷകര്‍ത്താക്കള്‍ അധികൃതരെ അറിയിച്ചു.
ജാതിയും മതവും പറയാതെ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ തയ്യാറല്ലെന്ന് സ്കൂള്‍ അധികൃതരും നിലപാടെടുത്തു. ഇതൊടെയാണ് ദമ്പതികള്‍ കോയമ്പത്തൂര്‍ കലക്ടര്‍ ജി എസ് സമീറനെ കണ്ടത്. വിഷയത്തില്‍ ഇടപെട്ട കലക്ടര്‍ 1973ലെ തമിഴ്നാട് സര്‍ക്കാറിന്‍റെ ഒരു ഉത്തരവ് ദമ്പതികള്‍ക്ക് നല്‍കി. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാര്‍ ജാതിയോ മതമോ നിര്‍ബന്ധമില്ലെന്നതായിരുന്നു ഉത്തരവ്.
ഈ ഉത്തരവുമായി ദമ്പതികള്‍ കോയമ്പത്തൂര്‍ തഹസില്‍ദാറെ സമീപിക്കുകയും "ജാതിയും മതവും ഇല്ലെന്ന്" സര്‍ട്ടിഫിക്കറ്റ് വങ്ങുകയും ചെയ്തു. ജാതിയോ മതമോ ചേര്‍ത്തില്ലെങ്കില്‍ കുട്ടിക്ക് ഭാവിയില്‍ യാതൊരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു.
ജാതീയമോ മതപരമോ ആയ യാതൊരു ആനുകൂല്യവും തന്‍റെ മകള്‍ക്ക് വേണ്ടെന്ന് ദമ്പതികള്‍ ഓഫിസില്‍ എഴുതി നല്‍കി. ഇതോടെ (30.05.2022)ന് തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു. ഇത്തരം ഒരു സംവിധാനത്തെയോ നിയമത്തേയൊ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം അതിനാലാണ് പലരും ജാതി പറയുന്നതെന്നും നരേഷ് കാർത്തിക് കൂട്ടിച്ചേര്‍ത്തു.