ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ തുറന്നടിച്ച് എഴുത്തുകാരനും,കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. സമ്പദ്‌വ്യവസ്ഥയടക്കമുള്ളവ കൈകാര്യം ചെയ്യാന്‍ കഴിവില്ലെങ്കിലും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വിദഗ്‌ധനാണ് നരേന്ദ്രമോദിയെന്ന് പ്രഭാകർ ആഞ്ഞടിച്ചു. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് രൂക്ഷവിമര്‍ശനം.
'ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്‌സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്' എന്ന പേരില്‍ മോദി ഭരണകൂടത്തെ വിലയിരുത്തുന്ന പരകാല പ്രഭാകറിന്‍റെ പുസ്‌തകം കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രകാശനം ചെയ്‌തിരുന്നു. സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, മറ്റ് വിഷയങ്ങൾ എന്നിങ്ങനെ രാജ്യത്തെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങള്‍ മോദി സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിലയിരുത്തുന്ന ഉപന്യാസങ്ങളാണ് പുസ്‌തകത്തിലുള്ളത്.
2014ൽ നരേന്ദ്രമോദിയും ബിജെപിയും സദ്ഭരണവും വികസനവും സംശുദ്ധവും അഴിമതിരഹിതവുമായ സര്‍ക്കാരും വാഗ്‌ദാനം ചെയ്‌ത് വോട്ട് ചോദിച്ചതിനെക്കുറിച്ചും ഡോ. പ്രഭാകർ വിശദമാക്കുന്നുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ വികസനം എന്നത് മുൻനിർത്തി വിജയിച്ച ബിജെപി ഹിന്ദുത്വത്തെ തന്ത്രപരമായി രാജ്യത്തേക്ക് കടത്തിക്കൊണ്ടുവന്നു. 2024-ൽ മറ്റൊരു മോദി സർക്കാർ വരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് പൊതുവെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളെ അണിനിരത്താനുള്ള കഴിവ് മാത്രമാണ് പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും ജനപ്രീതിക്ക് കാരണം. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ഹിന്ദുത്വ ശക്തികളെ കെട്ടഴിച്ചുവിടാനുമുള്ള അവരുടെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് രാഷ്ട്രം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം ഒരു ട്രോജൻ കുതിരയെപ്പോലെ ബിജെപി ഉപയോഗിച്ചത്, മറ്റാർക്കും സംശയമില്ലാത്ത ഒരു രാഷ്ട്രത്തിന്മേൽ ഹിന്ദുത്വത്തെ അഴിച്ചുവിടാനായിരുന്നു. ഇതിനുവേണ്ടിയാണ് ബിജെപിയും മോദിയും നിലകൊള്ളുന്നതെങ്കിൽ അവരെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്‌തകം എഴുതിയത്. ഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും ഇന്ത്യ അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്‌തകം തയ്യാറാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.