ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍, ഇന്ത്യ ഇടപെട്ട് വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നാവശ്യപ്പെട്ട് പലസ്‌തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ. ഇരുവശങ്ങളെയും ഇന്ത്യ ഒരേ കാഴ്‌ചപ്പാടില്‍ കാണണമെന്നും കുട്ടികളെയും നിരപരാധികളായ സാധാരണക്കാരനെയും കൊലപ്പെടുത്തുന്നതിന് ഇന്ത്യ അപലപിക്കണമെന്നും അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ ഇടപെടുമെന്നും വെടിനിർത്തലിന് ആഹ്വാനം ചെയ്യുമെന്നും താൻ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മനസുതുറന്നു.
അതേസമയം പലസ്‌തീനില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 4,100-ലധികം കുട്ടികളും 2,640 സ്‌ത്രീകളും ഉൾപ്പെടെ മരണസംഖ്യ 10,000 കവിഞ്ഞതായി തിങ്കളാഴ്ച (06.11.2023) ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സൈന്യം ഗാസ നഗരം വളയുകയും ഉപരോധിച്ച പ്രദേശത്തിന്‍റെ വടക്കൻ ഭാഗം കീഴടക്കിയതുമായി ഇസ്രയേൽ സൈന്യം അറിയിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സൈന്യം ഗാസ നഗരത്തിൽ പ്രവേശിക്കുമെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:
- യുദ്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലവിലെ വിലയിരുത്തൽ എന്താണ്?
ഞങ്ങൾ നിലവില്‍ യുദ്ധത്തിന്‍റെ അഞ്ചാമത്തെ ആഴ്ചയിലാണ്. സ്ഥിതിഗതികള്‍ വളരെ മോശമാണ്. ഇത്തരമൊരു ഉപരോധം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല. നാസികളുടെ ലെനിൻഗ്രാഡ് ഉപരോധസമയത്ത് ചെയ്‌തിരുന്നത് ഇത് തന്നെയായിരുന്നോ എന്ന് എനിക്കറിയില്ല. എന്നാല്‍ പലസ്‌തീനികൾ ഇന്ന് അഭിമുഖീകരിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും അന്നത്തെ സാഹചര്യം. ഏതാണ്ട് 2.2 ദശലക്ഷം പലസ്‌തീനികൾ ജലവും ഇന്ധനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് ജീവിക്കുന്നത്. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് മറ്റ് കൊളോണിയൽ രാജ്യങ്ങളും ഇസ്രയേലികളുടെ ഈ കുറ്റകൃത്യങ്ങളെല്ലാം മൂടിവയ്ക്കുന്നതായി തോന്നുന്നു. അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും നിലവില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തുകയാണ്. ഈ അവസ്ഥ വളരെ പ്രാകൃതമാണ്, എന്നാല്‍ ഹമാസിനെ ആക്രമിക്കുകയാണെന്നാണ് അവർ പറയുന്നത്.
- യുഎന്നിന്‍റെ ജനറല്‍ അസംബ്ലിയില്‍ പോലും വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യയുടെ ഈ പ്രതികരണത്തെ നിങ്ങൾ എങ്ങനെ കാണുന്നു?
ഇന്ത്യ വെടിനിർത്തലെങ്കിലും ആഹ്വാനം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹമാസിനെ അപലപിക്കുകയും യുഎൻജിഎയിൽ നിന്ന് വിട്ടുനിൽക്കുകയുമാണ് ചെയ്തത്. ഇതിനകം പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരങ്ങൾ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്, അവരെ പുറത്തെടുക്കാനുള്ള ഉപകരണങ്ങൾ പോലും ഞങ്ങളുടെ പക്കലില്ല.
- വരും ദിവസങ്ങളിൽ ഇന്ത്യയ്‌ക്ക് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
തീര്‍ച്ചയായും അങ്ങനെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ യുദ്ധത്തിന്‍റെ തുടക്കം മുതൽ ഞാൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ലതാണ്. നിലവില്‍ ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള വളരെ പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. ഒപ്പം അവര്‍ക്ക് മാന്യനായ ഒരു പ്രധാനമന്ത്രിയുണ്ട്. ഇന്ത്യ ഇരുപക്ഷത്തെയും ഒരേ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുമെന്നും ദിവസവും കാണുന്ന കുട്ടികളുടെയും നിരപരാധികളായ സാധാരണക്കാരുടെയും കുരുതികളെ അപലപിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.
ഇസ്രയേൽ ഹമാസുമായി യുദ്ധം ചെയ്യുന്നില്ല. പകരം കൊന്നൊടുക്കുന്നത് നിരപരാധികളായ പലസ്‌തീനികളെയും സാധാരണക്കാരെയുമാണ്. പതിറ്റാണ്ടുകളായി ഇസ്രയേൽ ചെയ്യുന്നതും ഇതാണ്. ഒരു ഹമാസ് പട്ടാളക്കാരൻ പോലും ആശുപത്രിയിൽ വരുന്നത് നമ്മള്‍ കണ്ടിട്ടില്ല. നമ്മൾ കണ്ടിട്ടുള്ളത് കുട്ടികളും സ്‌ത്രീകളും നിരപരാധികളും ആശുപത്രികളിലേക്ക് എത്തുന്നത് മാത്രമാണ്. ഇന്ത്യ ഇടപെടുമെന്നും വെടിനിർത്തലിന് ആഹ്വാനം ചെയ്യുമെന്നും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെ അപലപിക്കുമെന്നും ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു.