ചെന്നൈ: എഐഎഡിഎംകെ നേതാക്കളായ എടപ്പാടി പളനിസ്വാമിയും (ഇപിഎസ്) ഒ പനീർസെൽവവും (ഒപിഎസ്) തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ വഴിത്തിരിവ്. ഒപിഎസിന് അനുകൂലമായ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും സുന്ദർ മോഹനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഇപിഎസിന് അനുകൂലമായ വിധി.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ ട്രഷററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ ജൂലൈ 11 നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ചെന്നൈയിലെ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ നീക്കം. ഈ യോഗമാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത്.
എന്നാല്‍, ജനറല്‍ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കി, മുന്‍പുള്ള സ്ഥിതി തുടരാനായിരുന്നു ജസ്റ്റിസ് ജി ജയചന്ദ്രന്‍ ഓഗസ്റ്റ് 17 ന് ഉത്തരവിട്ടത്. ഇതാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. നേരത്തേ, പാര്‍ട്ടിയില്‍ പനീർശെൽവം കോ ഓർഡിനേറ്ററും പളനിസ്വാമി ജോയിന്‍റ് കോർഡിനേറ്ററുമായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ വീണ്ടും ഇപിഎസ് പാര്‍ട്ടിയില്‍ പിടിമുറുക്കും.