ജമ്മു: പൂഞ്ച്, കത്വ ജില്ലകളിലെ നിയന്ത്രണ രേഖക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള ഫോര്‍വേഡ് ഏരിയകളിലും പോസ്റ്റുകളിലും ഗ്രാമങ്ങളിലും കനത്ത വെടിവയ്പും ഷെല്ലാക്രമണവും നടത്തി പാകിസ്ഥാൻ. പുലർച്ചെ 2.30 ഓടെ പൂഞ്ചിലെ നിയന്ത്രണ രേഖയിൽ മങ്കോട്ട് സെക്ടറിൽ മോർട്ടാർ ഷെല്ലാക്രമണം ആരംഭിക്കുകയായിരുന്നു. അതേസമയം ഹിരാനഗർ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് കുറുകെ അതിർത്തി കടന്നുള്ള വെടിവയ്പ്പ് രാത്രി മുഴുവൻ തുടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ ഭാഗത്ത് അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
പുലർച്ചെ നാലുമണിയോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവയ്പും ഷെല്ലാക്രമണവും നിർത്തിയതായി അധികൃതർ അറിയിച്ചു. എന്നാല്‍ കരോൾ കൃഷ്ണ, സത്പാൽ, ഗുർനം എന്നിവിടങ്ങളിലെ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പാകിസ്ഥാൻ റേഞ്ചേഴ്‌സ് വെടിവയ്പ്പ് തുടങ്ങിയത്. അതിർത്തിയിലെ സുരക്ഷാ സേന ഉദ്യോഗസ്ഥർ ശക്തമായ തിരിച്ചടിക്കുമെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാന്‍റെ വെടിവയ്പ്പ് അതിർത്തി നിവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.