ഇസ്‌ലാമബാദ് : ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാക് വനിത നേതാവിന്‍റെ ഭീഷണി. 'പാകിസ്ഥാന്‍റെ പക്കൽ ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ ശേഷി നിശബ്‌ദത പാലിക്കാൻ വേണ്ടിയുള്ളതല്ല. ആവശ്യ ഘട്ടം വന്നാൽ ഞങ്ങൾ പിന്നോട്ടുപോകില്ല' - ഷാസിയ മാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്‌എസിനെയും വിമര്‍ശിച്ചതിന് ബിലാവല്‍ ഭൂട്ടോ സര്‍ദാരി ആക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് പിപ്പിള്‍സ് പാര്‍ട്ടി നേതാവിന്‍റെ ഭീഷണി. മഹാത്മാഗാന്ധിക്ക് പകരം ഹിറ്റ്‌ലറാണ് ഇന്ത്യൻ സർക്കാരിനെ സ്വാധീനിച്ചത് എന്നായിരുന്നു ബിലാവൽ നടത്തിയ പരാമര്‍ശം. അമേരിക്കയിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിലാവലിന്‍റെ വിവാദ പരാമര്‍ശം.
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവന ആ രാജ്യത്തെ വീണ്ടും തരം താഴ്‌ത്തുന്നതാണെന്നും ചിന്താഗതി മാറ്റിയില്ലെങ്കില്‍ പരിഹാസപാത്രമായി തുടരേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിലും പ്രചരിപ്പിക്കുന്നതിലും പാകിസ്ഥാന്‍റെ പങ്കിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ വ്യാഴാഴ്‌ച വിമര്‍ശനമുന്നയിച്ചിരുന്നു.
പ്രധാനമന്ത്രിക്കെതിരായ ബിലാവലിന്‍റെ പരാമര്‍ശത്തില്‍ നിരവധി രാഷ്‌ട്രീയ നേതാക്കളും പ്രതിഷേധം അറിയിച്ചു. തീവ്രവാദ മനസുള്ളവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കുമെന്നായിരുന്നു ബിലാവലിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. 'കൊവിഡ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ മാത്രമല്ല പാകിസ്ഥാൻ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളെയും സഹായിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രി ഇത്തരമൊരു പ്രസ്‌താവന നടത്തുകയാണെങ്കിൽ അത് പ്രധാനമന്ത്രിയെ പിടിക്കാത്തതുകൊണ്ടാണ്'- മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.
'പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവന വളരെ ലജ്ജാകരമാണ്. 1971-ൽ ഈ ദിവസം പാകിസ്ഥാൻ സൈന്യത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത് മറക്കണ്ട. പാകിസ്ഥാന്‍ ദീർഘകാലമായി തീവ്രവാദികൾക്ക് അഭയം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്ന ഭരണാധികാരിയാണ്' - കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
അതിനിടെ ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ബിജെപി ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുകയും ഇന്ത്യയിലുടനീളം അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും ചെയ്‌തു.