അല്‍വാര്‍ (രാജസ്ഥാന്‍): ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ജീവിക്കാന്‍ രാജസ്ഥാന്‍ യുവതി പാകിസ്ഥാനിലേക്ക് പോവുകയും മതം മാറി വിവാഹം കഴിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ്. നിയമപരമായി അഞ്ജു ഇപ്പോഴും തന്‍റെ ഭാര്യ ആണെന്നും അവര്‍ക്ക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. രാജസ്ഥാനിലെ ഭീവണ്ഡി സ്വദേശിയായ അഞ്ജു സുഹൃത്തിനെ വിവാഹം കഴിക്കാനായി വീടുവിട്ട് പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു.
അവിടെയെത്തി മതംമാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച ശേഷം പഖ്‌തൂണ്‍ഖ്വ സ്വദേശി നസ്‌റുള്ളയെ വിവാഹം കഴിച്ചു. 'മൂന്ന് വർഷം മുമ്പ് ഡൽഹിയിൽ വിവാഹമോചന പത്രിക സമർപ്പിച്ചെങ്കിലും കോടതിയിൽ നിന്ന് സമൻസൊന്നും ലഭിച്ചിട്ടില്ല. നിയമപരമായി അവൾ ഇപ്പോഴും എന്‍റെ ഭാര്യയാണ്. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് മറ്റാരെയും വിവാഹം കഴിക്കാനാവില്ല. അതിനാല്‍ നിയമനടപടി സ്വീകരിക്കും'- അരവിന്ദ് പറഞ്ഞു.
അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യാനാണ് അരവിന്ദിന്‍റെ തീരുമാനം.'ഞാന്‍ ഇനി അഞ്ജുവിനെ സ്വീകരിക്കില്ല, അന്തിമ തീരുമാനം എന്‍റെ മക്കൾ എടുക്കും. പക്ഷേ ഇപ്പോൾ, എന്‍റെ മക്കൾ അവളോട് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല' - അരവിന്ദ് പറഞ്ഞു.
വ്യാജ രേഖകളും ഒപ്പും ഉപയോഗിച്ചാകും അഞ്ജു പാകിസ്ഥാനിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടാവുക. അതിനാല്‍ പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകള്‍ പരിശോധിക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ സര്‍ക്കാര്‍ അവളുടെ വിസയും പാസ്‌പോര്‍ട്ടും പരിശോധിക്കണം. വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് അവള്‍ പറഞ്ഞിട്ടില്ല. ഒരു പാസ്‌പോര്‍ട്ട് ഓഫിസിലും അഞ്ജു പോയിട്ടുമില്ല. പിന്നെ അവള്‍ക്ക് എങ്ങനെ അത് കിട്ടി എന്നതില്‍ അന്വേഷണം നടത്തണം' - അരവിന്ദ് ആവശ്യപ്പെട്ടു.
നസ്‌റുള്ളയുമായുള്ള വിവാഹ ശേഷം അഞ്ജുവുമായി ബന്ധപ്പെട്ടിട്ടില്ല. മക്കള്‍ തന്‍റെ കൂടെ ജീവിക്കും - അരവിന്ദ് പ്രതികരിച്ചു. അഞ്ജു മാനസിക പീഡനം അനുഭവിച്ചിരുന്നോ എന്ന ചോദ്യത്തിന്, ജോലിയിലെ ടെന്‍ഷന്‍ കാരണം അവള്‍ ചിലപ്പോഴൊക്കെ തന്നോട് വഴക്കിടുമായിരുന്നുവെന്നും പക്ഷേ ഇത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതിയില്ലെന്നും അരവിന്ദ് മറുപടി നല്‍കി.
'ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അവള്‍ നല്ല അമ്മയായിരുന്നു, കുട്ടികളോട് നന്നായി തന്നെയാണ് ഇടപഴകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവളെ സ്വീകരിക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും അവള്‍ കള്ളം പറയുമായിരുന്നു'-അരവിന്ദ് പറഞ്ഞു.
അഞ്ജുവിന്‍റെ പിതാവ് ഗയ പ്രസാദ് തോമസും മകളുടെ പ്രവര്‍ത്തിയില്‍ നിരാശ രേഖപ്പെടുത്തിയിരുന്നു. അഞ്ജു തങ്ങള്‍ക്ക് മരിച്ചതിന് തുല്യമാണെന്നും ഇനി അവള്‍ പാകിസ്ഥാനില്‍ തന്നെ കഴിയട്ടെയെന്നും ഗയ പ്രസാദ് തോമസ് പറഞ്ഞു. 34 കാരിയായ അഞ്ജു 2019ലാണ് നസ്‌റുള്ളയുമായി ഫേസ്‌ബുക്കില്‍ സൗഹൃദം സ്ഥാപിക്കുന്നത്.
പിന്നീട് ഇയാളുമായി പ്രണയത്തിലായ യുവതി രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. കാമുകനെ വിവാദം കഴിക്കുന്നതിനായി അഞ്ജു പാകിസ്ഥാനിലേക്ക് തിരിച്ചതോടെ നിയമ വിരുദ്ധമാണ് യുവതിയുടെ യാത്രയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിച്ച് അഞ്ജു തന്നെ രംഗത്തെത്തി.
നിയമപരമായാണ് പാകിസ്ഥാനില്‍ എത്തിയിരിക്കുന്നതെന്നും കുറച്ച് ദിവസങ്ങള്‍ പാകിസ്ഥാനില്‍ തങ്ങിയ ശേഷം മടങ്ങുമെന്നും അഞ്ജു വീഡിയോയിലൂടെ വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മക്കളെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്നും അഞ്ജു അഭ്യര്‍ഥിക്കുകയുണ്ടായി. പിന്നാലെയാണ് ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.