ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിലെ രാംഗർ പ്രദേശത്ത് പാക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന(ബിഎസ്‌എഫ്) വെടിവച്ചു കൊന്നു. ചൊവ്വാഴ്‌ച വൈകുന്നേരം 3.55ന് രാംഗർ ഉപമേഖലയിലെ മല്ലുചക് പോസ്റ്റിന് സമീപത്താണ് സംഭവം. പാക്കിസ്ഥാനിലെ ലെഹ്രി കലാനിലേക്ക് അതിർത്തി വേലിക്ക് സമീപത്തു നിന്നും കടന്നുകയറുന്നതിനിടയിലാണ് ഭീകരനെ കണ്ടെത്തിയത്.
നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്‌എഫിന്‍റെ മുന്നറിയിപ്പുകൾ പലതവണ അവഗണിച്ചതിനു പിന്നാലെയാണ് ഇയാൾക്കു നേരെ വെടിയുതിർത്തത്. പാകിസ്ഥാൻ കറൻസിയിൽ 200 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും സംശയിക്കുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഫെബ്രുവരി 25ന് ഇന്ത്യ-പാക് നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ആഴ്‌ചകൾക്ക് ശേഷമാണ് സംഭവം.