ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ. എന്നാൽ ഈ ഭീഷണി നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞു. കരസേന ദിനത്തിന് മുന്നോടിയായിട്ടുളള പതിവ് വാർത്താ സമ്മേളനത്തിലാണ് കരസേനാ മേധാവി ഇങ്ങനെ പറഞ്ഞത്.
‘പാകിസ്ഥാൻ ഭീകരതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുകയാണ്. ഭീകരരോട് ഒരു തരി സഹതാപവും ഇന്ത്യൻ സൈന്യത്തിനില്ല. ശക്തമായ തിരിച്ചടി നൽകും. ഏതു സമയത്തും എവിടെയും അതീവ കൃത്യതയോടെ ഇന്ത്യൻ സൈന്യം പ്രതികരിക്കും. ഈ സന്ദേശം ലോകമെമ്പാടും ഇന്ത്യ നൽകിക്കഴിഞ്ഞു.’ കരസേനാ മേധാവി പ്രത്യേക വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യസുരക്ഷയാണ് സൈന്യത്തിന്‍റെ ആത്യന്തിക ലക്ഷ്യം. അതിനായി സൈന്യം എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കുകയാണ്. സൈന്യത്തെ ആധുനിക രീതിയിൽ സുസജ്ജമാക്കുകയാണ് ഉദ്ദേശം. വടക്ക് കിഴക്കൻ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. എവിടെയും സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാ സന്നിഗ്ദ്ധ ഘട്ടങ്ങളും നേരിടാൻ സൈന്യം തയ്യാറാണെന്നും നരവാനെ പറഞ്ഞു.