ബെംഗളൂരു : ദളിതനായതിന്‍റെ പേരില്‍ വിവേചനം നേരിട്ടെന്ന് കര്‍ണാടക ഡിജിപി സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ച പി രവീന്ദ്രനാഥ് ഇടിവി ഭാരതിനോട്. രാജി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ഡോക്‌ടറായി സേവനമനുഷ്‌ഠിക്കാനാണ് പി രവീന്ദ്രനാഥിന്‍റെ തീരുമാനം. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി രവീന്ദ്രനാഥിനെ ഈയിടെ ഡയറക്ടര്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്‍ഫോഴ്‌സ്മെന്‍റ് സ്ഥാനത്ത് നിന്ന് പരിശീലന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതിനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിച്ചു. 33 വര്‍ഷകാലം സത്യസന്ധമായാണ് സേവനം അനുഷ്ഠിച്ചതെന്നും പല ഗൂഢാലോചനകളേയും ശക്തമായി ചെറുത്തിട്ടുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. അവിഭക്ത ആന്ധ്രപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന പി മഹേന്ദ്രനാഥിന്‍റെ മകനാണ് പി രവീന്ദ്രനാഥ്.
ജാതി അധിക്ഷേപം നേരിട്ടു : തെലങ്കാനയിലെ നഗര്‍കുര്‍നൂള്‍ ജില്ലയാണ് പി രവീന്ദ്രനാഥിന്‍റെ സ്വദേശം. ദളിത് വിഭാഗത്തിലുള്ള ആളുകളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ തനിക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡയറക്ടര്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡിജിപി എന്ന നിലയില്‍ പട്ടിക ജാതി വിഭാഗങ്ങളിലെ ആളുകള്‍ക്ക് വേണ്ടി കര്‍ണാടകയില്‍ ഉടനീളം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കി.
എന്നാല്‍ ദളിതുകള്‍ക്ക് വേണ്ടി ഒരു സംരക്ഷണ സെല്‍ രൂപീകരിക്കണമെന്ന ചീഫ് സെക്രട്ടറിയോടുള്ള തന്‍റെ അപേക്ഷ അവഗണിക്കപ്പെട്ടു. ബേഡ ആദിവാസി വിഭാഗത്തിന്‍റെ പേരില്‍ അനര്‍ഹര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതില്‍ താന്‍ കേസെടുത്തു. അതുകൊണ്ടാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തന്‍റെ രാജി സ്വീകരിച്ചാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് പി രവീന്ദ്ര നാഥ് പറഞ്ഞു. തന്‍റെ സ്വദേശത്ത് 15 ഏക്കര്‍ ഭൂമിയുണ്ട്. അതില്‍ കൃഷിചെയ്യും. എംബിബിഎസ് ബിരുദമുള്ളതുകൊണ്ട് ഡോക്‌ടറായി സേവനമനുഷ്‌ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് നല്‍കുന്നത് നാലാം തവണ : ഇത് നാലാം തവണയാണ് പി രവീന്ദ്രനാഥ് രാജി സമര്‍പ്പിക്കുന്നത്. 'മേലുദ്യോഗസ്ഥന്‍റെ പീഡനം കാരണം 2008ല്‍ ഞാന്‍ രാജി സമര്‍പ്പിച്ചിരുന്നു. ആ മേലുദ്യോഗസ്ഥന്‍റെ പ്രവര്‍ത്തികള്‍ എല്ലാവര്‍ക്കും മനസിലായ സാഹചര്യത്തില്‍ ഞാന്‍ രാജി പിന്‍വലിച്ചു. കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ 2014ലും രാജി കൊടുത്തു. കേസ് കെട്ടിച്ചമച്ചതാണെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഞാന്‍ പൊലീസ് സേവനം പുനരാരംഭിച്ചത്. എന്നേക്കാളും കുറഞ്ഞ സേവനകാലയളവുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയപ്പോഴാണ് കഴിഞ്ഞവര്‍ഷം രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജിക്കത്ത് കൊടുത്ത് ഉടനെതന്നെ സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു' - പി രവീന്ദ്ര നാഥ് ഇടിവി ഭാരതിനോട് പറഞ്ഞു.
പി രവീന്ദ്രനാഥിന്‍റെ രാജി വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കമിട്ടത്. സത്യസന്ധനായ ഒരു ദളിത് ഐപിഎസ് ഓഫിസര്‍ക്കെതിരായി ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിരിക്കുകയാണെന്ന് ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. മാനസികമായി പീഡിപ്പിക്കുന്നു എന്ന് ഏതെങ്കിലും ഉദ്യോഗസ്ഥന് പരാതിയുണ്ടെങ്കില്‍ അത് ഉത്തരവാദിത്തപ്പെട്ട അധികാര കേന്ദ്രങ്ങള്‍ക്ക് കൈമാറുകയാണ് വേണ്ടതെന്നും അല്ലാതെ രാജിവയ്ക്കുകയല്ലെന്നുമാണ് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചത്.