മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. നാസിക്കിലെ ഡോക്ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം. ടാങ്കില്‍ ഓക്സിജന്‍ നിറയ്ക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ടാങ്കറിലെ ചോര്‍ച്ചയെത്തുടര്‍ന്ന് ചികിത്സയിലിരുന്നവര്‍ക്ക് ലഭിച്ചിരുന്ന ഓക്സിജന്‍ തടസപ്പെട്ടാണ് മരണങ്ങളുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ടാങ്കറില്‍ നിന്നും ഓക്സിജന്‍ ചോരുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെത്തുടര്‍ന്നാണ് മരണങ്ങളുണ്ടായതെന്ന് രോഗികളുടെ കുടുംബങ്ങളും ആരോപിച്ചിരുന്നു. രാജ്യമെങ്ങും ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനിടയിലാണ് മഹാരാഷ്ട്രയില്‍ ദുരന്തമുണ്ടായത്.