റായ്‌പൂർ: കൊവിഡ് ദുരന്തം വിതക്കുന്ന സമയത്ത് മുൻനിര പോരാളികളും സർക്കാർ ജീവനക്കാരും ജനങ്ങൾക്കായി അശ്രാന്തം പോരാടുകയാണ്. കൊവിഡ് മൂലം ചത്തീസ്ഗഡിൽ 900ലധികം സർക്കാർ ഉദ്യോഗസ്ഥരാണ് ഇതുവരെ മരണമടഞ്ഞതെന്ന് ചത്തീസ്ഗഡ് ഗവൺമെന്‍റ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സേവനങ്ങൾ നൽകിയിട്ടും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ചികിത്സ ലഭിക്കാൻ കഷ്ടപ്പെടേണ്ട അവസ്ഥയാണ് തങ്ങൾക്കെന്ന് തൊഴിലാളി യൂണിയൻ പറയുന്നു.
കൊവിഡ് മൂലം നിരവധി കരാർ തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാൽ സർക്കാർ കരാർ ജീവനക്കാർക്ക് പെൻഷനും അനുകമ്പാർഹമായ നിയമനങ്ങളും ഏർപ്പെടുത്തണമെന്ന് തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നു.
ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിലാണ് കൊവിഡ് മരണനിരക്ക് കൂടുതലായി കണ്ടുവരുന്നത്. മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, കളക്ടറേറ്റ്, കോർപ്പറേഷനുകൾ, കമ്മീഷണറേറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും കൊവിഡിനിരയായി.
ഈ സാഹചര്യത്തിൽ നിയമങ്ങളിൽ ഇളവ് വരുത്താനും മരണപ്പെട്ടയാളുടെ സ്വന്തക്കാർക്ക് ജോലി നൽകണമെന്നും ജീവനക്കാരുടെ സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് മൂലം മരണമടഞ്ഞാൽ കരാർ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായി ചത്തീസ്ഗഡ് ഗവൺമെന്‍റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് വിജയകൂമാർ ജാ പറഞ്ഞു.