ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ആരംഭിച്ച് പൊലീസ്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മാത്രം പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്ത 800 ലധികം പേർക്കാണ് ഡൽഹി പൊലീസ് പിഴ ചുമത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലഫ്റ്റനന്‍റ് ഗവർണറുടെ നിർദേശ പ്രകാരമാണ് നടപടി കർശനമാക്കി പൊലീസ് രംഗത്തെത്തിയത്.
പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 813 പേർക്കും സാമൂഹ്യ അകലം പാലിക്കാത്ത അഞ്ച് പേർക്കുമെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ജൂൺ 15 മുതൽ 5,70,693 പേർക്കെതിരെയാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് പൊലീസ് പിഴ ചുമത്തിയത്.